കോഴിക്കോട്: മഴയും വെയിലും ഇടവിട്ടെത്തുന്നതോടെ കോഴിക്കോട് ജില്ലയിൽ പ്രതിദിന പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഈ മാസം 17 വരെ 12236 പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽ ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം ആയിരത്തിലധികം എത്തിയിട്ടുണ്ട്. ശക്തമായ പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ആശുപത്രികളിലെത്തുന്നത്. വെെറൽ പനിയാണ് ഇതിൽ പലർക്കും. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പനി ബാധിതർ നിരവധി തവണ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ദിവസങ്ങൾക്ക് ശേഷവും പലരും രോഗമുക്തരായിട്ടില്ല. പനിക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസതടസവും ശരീരവേദനയുമാണ് ഇവരെ അലട്ടുന്നത്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ തുടരുകയാണ്. പകർച്ചപ്പനിയുമായി തുടർച്ചയായി ചികിത്സ തേടുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെങ്കിലും ആർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. വിവിധ ആശുപത്രികളിൽ പ്രത്യേകം പനി ക്ലിനിക്കുകൾ തുടങ്ങിയത് രോഗികൾക്ക് ഏറെ ആശ്വാസമേകുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. ഇതുവരെ 65 പേർക്ക് രോഗം സ്ഥിരീകരിച്ചു. 220 പേർ രോഗ ലക്ഷണങ്ങളുമായെത്തി.
വില്ലനായി മഞ്ഞപ്പിത്തവും
മഞ്ഞപ്പിത്തം വ്യാപനത്തിന് ജില്ലയിൽ കാര്യമായ കുറവില്ല. ഈ മാസം ഇതുവരെ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം മഞ്ഞപ്പിത്തം പടർന്നുപിടിച്ച കൊമ്മേരി എരവത്ത് കുന്നിൽ രോഗികളുടെ എണ്ണം കുറഞ്ഞു. 30 പേരാണ് നിലവിലെ രോഗബാധിതർ.
63 പേർക്ക് രോഗം ബാധിച്ചിരുന്നു. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്.
ഡോക്ടർമാരില്ല
പനിയെ തുടർന്ന് ജില്ലയിലെ ആശുപത്രികളിൽ വലിയ തിരക്കാണ്. പലയിടങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗം സഹിക്കുന്നതിനൊപ്പം രാത്രി വൈകുവോളം കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ് രോഗികൾ. ലാബ് ടെസ്റ്റും മരുന്ന് വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പലരും. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഗ്രാമീണ മേഖലകളിലെ ആശുപത്രികളിൽ കിടത്തി ചികിത്സയടക്കം ആരംഭിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും അവ ആവശ്യം മാത്രമായി അവശേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |