കണ്ണൂർ: പ്രാദേശിക വിഷയങ്ങളുയർത്തി ബ്രാഞ്ചുകളിൽ നടക്കുന്ന പ്രതിഷേധം തണുപ്പിക്കാനാകാതെ സി.പി.എം. നേതൃത്വം. ശക്തികേന്ദ്രമായ പയ്യന്നൂരിൽ നേതൃത്വത്തെ അലട്ടുന്ന തരത്തിലാണ് പുതിയ സംഭവങ്ങൾ ഉയരുന്നത്. കള്ളനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് വിഭാഗീയതയെന്ന് ചൂണ്ടിക്കാട്ടി പയ്യന്നൂർ വെള്ളൂരിലുയർന്ന പോസ്റ്ററാണ് കൂട്ടത്തിൽ അവസാനത്തേത്.
പയ്യന്നൂർ പയ്യഞ്ചാൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പോസ്റ്റർ പ്രതിഷേധം. സാമ്പത്തിക തിരിമറിയിൽ നടപടി നേരിട്ട വ്യക്തിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയെന്നാണ് പോസ്റ്ററിലെ പരാമർശം.ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഇദ്ദേഹത്തെ ഒരു വർഷം മുൻപ് തരം താഴ്ത്തിയിരുന്നു. നടപടി നേരിട്ടയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലാണ് പോസ്റ്ററിൽ വിമർശനം. കള്ളനെ സെക്രട്ടറിയാക്കിയത് വിഭാഗീയതയുടെ ഭാഗമെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.പാൽ സൊസൈറ്റിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിലായിരുന്നു അന്ന് അച്ചടക്കനടപടി. സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഇയാൾ ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഇയാളെ തരംതാഴ്ത്തിയത്.
പ്രശ്ന പരിഹാരത്തിന് തീവ്രശ്രമം
പാർട്ടി കോട്ടയായ പയ്യന്നൂർ ഏരിയാ കമ്മറ്റിക്കു കീഴിലെ കീഴ്ഘടകങ്ങളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ലോക്കൽ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് പാർട്ടി നേതൃത്വം. ഇതിന്റെ ഭാഗമായി പയ്യന്നൂർ ഏരിയാ കമ്മിറ്റിയും നോർത്ത് ലോക്കൽ കമ്മിറ്റിയും യോഗം ചേർന്നു. ജില്ലാ സെക്രട്ടേറിയറ്റഗം എം.പ്രകാശൻ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |