തിരുവനന്തപുരം: കേരളകൗമുദിയുടെ നിയമസഭാ റിപ്പോർട്ടുകൾ വായിച്ചാണ് ചെറുപ്പംമുതൽ തന്റെ മനസിൽ പാർലമെന്ററി മോഹമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്രാധിപർ കെ.സുകുമാരന്റെ 43-ാം ചരമവാർഷികത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഡിറ്റോറിയൽ വായിക്കാൻ പിതാവ് പതിവായി വീട്ടിൽ കേരളകൗമുദി വരുത്തിയിരുന്നു. അങ്ങനെയാണ് കേരളകൗമുദി വായിച്ചു തുടങ്ങിയത്. നിരവധി പത്രാധിപൻമാരുണ്ടെങ്കിലും മലയാളികളുടെ മനസിൽ കെ.സുകുമാരനെന്ന ഒറ്റ പത്രാധിപൻ മാത്രമേയുള്ളൂ. പത്രാധിപരെന്നതിലപ്പുറം സംഘടനാ നേതാവായും പ്രഭാഷകനായും അദ്ദേഹം സുസ്ത്യർഹമായ സേവനങ്ങൾ നടത്തി. കേരളകൗമുദിക്ക് തനതായ വ്യക്തിത്വവും നിലപാടും നൽകാൻ അദ്ദേഹം വലിയ പ്രയത്നം നടത്തി.
കേരളകൗമുദിക്കിത് നാലാംതലമുറയാണ്. സി.വി.കുഞ്ഞുരാമനിൽ തുടങ്ങി, പിൻതലമുറകളിലെ പ്രഗത്ഭമതികളായ നിരവധിപേർ കേരളത്തിന്റെ സാമൂഹ്യ,സാമ്പത്തിക മാറ്റത്തിന് വലിയ പങ്കുവഹിച്ചു. കേരളകൗമുദിക്ക് തനതായ വ്യക്തിത്വമുണ്ട്. കേരളകൗമുദിയുടെ രൂക്ഷവിമർശനത്തിന് പാത്രമായി രാഷ്ട്രീയ ജീവിതത്തിൽ സ്ഥാനത്യാഗം ചെയ്യേണ്ടിവന്നവർ നിരവധിയാണ്. ആരുടെയും മുഖത്തുനോക്കി വിമർശിക്കാൻ ഭയമില്ലാതിരുന്ന പത്രം.
ഒരുസമുദായത്തിന്റെ മാത്രമല്ല, എല്ലാ സമുദായങ്ങളുടെയും പത്രം. പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ വേദിയായി പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദിയെ മാറ്റി. പത്രത്തിലൂടെ മാത്രമല്ല അദ്ദേഹം സാമൂഹ്യമുന്നേറ്റം നടത്തിയത്. ശക്തനായ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തി പത്രാധിപർ നടത്തിയ കുളത്തൂർ പ്രസംഗം കേരളചരിത്രത്തിന്റെ ഭാഗമാണ്. സംവരണ അട്ടിമറി നീക്കത്തിനെതിരായ പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന് ഇ.എം.എസിനു പോലും മറുപടിയുണ്ടായില്ല. പിന്നാലെ സംവരണ അട്ടിമറിക്കെതിരായ നീക്കങ്ങളെല്ലാം ആ സർക്കാർ പിൻവലിച്ചു.
ഒരുലക്ഷം ആളുകളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് വളയുന്നതിനെക്കാൾ ശക്തമായ തീപ്പൊരി ചിതറിയ വാക്കുകളായിരുന്നു കുളത്തൂർ പ്രസംഗം. അതുമാത്രം മതി എക്കാലവും പത്രാധിപരെ ഓർമ്മിക്കാൻ. ആ വീറുറ്റ പോരാട്ടമാണ് പിന്നാക്കക്കാർക്ക് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാരണമായത്. കേരളത്തിൽ പല കാലഘട്ടങ്ങളിലെ രാഷ്ട്രീയ നേതാക്കളുമായി ബന്ധംപുലർത്തുകയും അവർ തെറ്റായവഴികളിലൂടെ പോകുമ്പോൾ പത്രാധിപർ അവരെ തിരുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |