തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ ലെെംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണ സംഘം. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മാസം മൂന്നാം തീയതിക്കുള്ളിൽ കേസെടുക്കും.
ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് സർക്കാർ കൈമാറിയിട്ടുണ്ട്. യഥാർത്ഥ റിപ്പോർട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും ചേർന്നതാണ് ഇത്രയും പേജുകൾ. പൂർണമായും പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെ റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയും സഹായം തേടും.
പല ഭാഗങ്ങളായി ഇത്രയും പേജുകൾ അന്വേഷണ ഉദ്യോഗസ്ഥർ വായിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ പൂർണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കാനാണ് തീരുമാനം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ വനിതാ ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും.
മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക. നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തെങ്കിലും അവ ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. കൂടാതെ കമ്മിറ്റിക്ക് മൊഴി നൽകിയ 50 പേരിൽ നിന്ന് പൊലീസ് ഒരാഴ്ചയ്ക്കകം വിവരം ശേഖരിക്കും. എ.ഡി.ജി.പി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നാലായി തിരിഞ്ഞാവും മൊഴിയെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |