കണ്ണൂർ: ബോധവത്കരണവും പൊലീസ് നടപടികളും ഒരു വശത്ത് ശക്തമായി നടക്കുമ്പോഴും ഇരകളെ കുടുക്കാൻ വലവരിച്ച് ഓൺലൈൻ തട്ടിപ്പുകാർ. പണം നഷ്ടപ്പെട്ട് പരാതികളുമായി എത്തുന്നവരുടെ എണ്ണം ഓരോ ദിനവും കൂടിക്കൂടി വരികയാണ്.
ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ചൊവ്വ സ്വദേശിനിക്ക് നഷ്ടമായത് 35,31,000 രൂപ. പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ ചതിക്കുകയായിരുന്നുവെന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അനാർ കച്ചവടക്കാരന്
നഷ്ടമായത് 1,35,300
ഫ്രൂട്ട്സ് മൊത്തവിതരണക്കാരനായ പരാതിക്കാരനെ കർണാടകയിലെ ഏജന്റാണെന്നും 145 രൂപ നിരക്കിൽ അനാർ നൽകാമെന്നു പറഞ്ഞ് തോട്ടത്തിൽ വണ്ടി എത്തിച്ച് ലോഡ് ചെയ്തശേഷം 9 ലക്ഷം തോട്ടമുടമയുടെ അക്കൗണ്ടിലേക്കും 1,35,300
രൂപ ഏജന്റിന്റെ അക്കൗണ്ടിലേക്കും അയച്ചശേഷം ഏജന്റ് കടന്നുകളയുകയും തോട്ടമുടമ 205 രൂപ നിരക്കിലാണ് കച്ചവടമുറപ്പിച്ചതെന്ന് പറഞ്ഞ് പരാതിക്കാരന്റെ കൈയിൽ നിന്നും ബാക്കി തുക മുഴുവനായും വാങ്ങിയെടുത്തുവെന്നുമാണ് പരാതി.
കൊറിയർ തട്ടിപ്പിൽ
നഷ്ടപ്പെട്ടത് 5000
ഇന്ത്യ പോസ്റ്റിൽ കൊറിയർ അയച്ച പരാതിക്കാരൻ ഡെലിവറി ആകാത്തതിനാൽ കൊറിയർ ട്രാക്ക് ചെയ്യുകയും ശേഷം പരാതിക്കാരനെ ഇന്ത്യ പോസ്റ്റിൽ നിന്നെന്നു പറഞ്ഞു വിളിക്കുകയും അഡ്രസ്സ് തെറ്റായതിനാലാണ് ഡെലിവറി വൈകിയതെന്നും ശരിയായ അഡ്രസ്സ് വാങ്ങുകയും ചെയ്ത ശേഷം 5 രൂപ ചാർജ്ജ് വേണമെന്നും പറഞ്ഞു ഒരു ലിങ്ക് അയയ്ക്കുകയും 5000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
ജാഗ്രത കൈവിടരുത്
അജ്ഞാത അക്കൗണ്ടുകളിൽ നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക
നവ മാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങൾക്ക് പിന്നാലേ പോയി പണം നഷ്ടപ്പെടുത്താതിരിക്കുക.
ട്രേഡിംഗ് ചെയ്യുന്നതിനും പാർട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നൽകാതിരിക്കുക.
ഓൺലൈൻ ലോണിനായി അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ അവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്ലികേഷൻ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്.
അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് പൊലീസിൽ നിന്നാണെന്നും കൊറിയറിൽ നിന്നാണെന്നും നിങ്ങൾക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.
നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളോ, ആധാർ, മറ്റ് ഐ.ഡി. വിവരങ്ങളോ ആർക്കും ഷെയർ ചെയ്യാതിരിക്കുക.
ഗൂഗിൾ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പർ വിളിക്കുമ്പോൾ ശ്രദ്ധ പുലർത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |