തൃശൂർ: പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലെന്ന പൊലീസ് നിലപാട് കൂടുതൽ വിവാദങ്ങളിലേക്ക്. തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാർ വിഷയത്തിൽ ശക്തമായി നിലയുറപ്പിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. എ.ഡി.ജി.പി: എം.ആർ. അജിത് കുമാറിന്റെ ഇടപെടൽ സംശയാസ്പദമാണെന്നും പൂരം തുടക്കം മുതൽ അലങ്കോലപ്പെട്ടതിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സുനിൽകുമാർ ആരോപിക്കുന്നത്.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ആദ്യ ആവശ്യം. എന്നാൽ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ലെന്ന പൊലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി കിട്ടിയതോടെ ക്ഷോഭത്തിലാണ് വി.എസ്. സുനിൽകുമാർ. പൊലീസിന്റെ അമിതാധികാര പ്രയോഗത്താൽ പൂരം അലങ്കോലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ദേവസ്വങ്ങളിൽ നിന്നും പ്രസ് ക്ലബ് ഭാരവാഹികളിൽ നിന്നും മൊഴിയെടുത്തിരുന്നു.
അന്വേഷണം എ.ഡി.ജി.പിയുടെ പ്രഹസനമായിരുന്നുവെന്നാണ് ആക്ഷേപം. അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന പൊലീസിന്റെ മറുപടി അംഗീകരിക്കാനാകില്ലെന്ന് സുനിൽകുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വിവരാവകാശ കമ്മിഷനെ സമീപിക്കാനാണ് സുനിലിന്റെ നീക്കം. തുടർന്നും മറുപടി വ്യക്തമല്ലെങ്കിൽ പലതും പറയാനുണ്ടെന്ന് കൂടി സുനിൽകുമാർ മുന്നിറിയിപ്പ് നൽകുന്നുണ്ട്. പൊലീസ് ബോധപൂർവം അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്ന റവന്യൂ മന്ത്രി കെ. രാജനും ഇന്നലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സുനിൽകുമാറിന്റെ സംശയങ്ങൾ
പൊലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി ഞെട്ടൽ ഉണ്ടാക്കുന്നു. ജനങ്ങളെ വിഢ്ഡിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കിയതിന് പിന്നിൽ ആരൊക്കെയന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിവരാവകാശപ്രകാരം അപേക്ഷ നൽകും
- വി.എസ്. സുനിൽ കുമാർ
വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല. അത്തരം റിപ്പോർട്ട് വന്നതിനെക്കുറിച്ച് അന്വേഷിക്കും. അന്വേഷണം വൈകി എന്നതിനോട് യോജിപ്പില്ല.
- കെ. രാജൻ, റവന്യൂ മന്ത്രി
സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ വന്നതെന്തിനാ, പൊലീസ് പൂരം കലക്കിയതെന്തിനാ എന്നൊക്കെ ചോദിക്കേണ്ടത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയനോടാണ്. തെളിവുകൾ കൈയിലുണ്ടെങ്കിൽ ധൈര്യമായി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭരണകക്ഷിക്കാർക്ക് ആവശ്യപ്പെടാമല്ലോ.- എ. നാഗേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി
കോൺഗ്രസ് പ്രതിഷേധം 28ന്ആർ.എസ്.എസുമായുള്ള രഹസ്യചർച്ച പ്രകാരം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതനായി തൃശൂരിലെത്തി പൂരം അട്ടിമറിച്ചെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് തെക്കെ ഗോപുര നടയിൽ പ്രതിഷേധം സംഘടിപ്പിക്കും.
മതേതര സമൂഹത്തിൽ വർഗീയ വിഷം കുത്തിവച്ച് രാഷ്ട്രീയ മുതലെടുപ്പാണ് നടത്തിയത്.
- വി.കെ. ശ്രീകണ്ഠൻ എം.പി (ഡി.സി.സി പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |