പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല ശിവ സംവിധാനം ചെയ്ത ജനത ഗ്യാരേജിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
മോഹൻലാലിനൊപ്പം പ്രണവും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രണവിന്രെ രംഗപ്രവേശം. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ആദി, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിൽ മോഹൻലാലും പ്രണവും ഒരുമിച്ചിട്ടുണ്ട്. മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസിൽ പ്രണവ് ഉണ്ടാകുമെന്നാണ് വിവരം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിനുശേഷം പ്രണവ് അഭിനയിക്കുന്നത് കൊരട്ടല ശിവയുടെ ചിത്രത്തിലാണ്. മലയാളത്തിൽ മറ്റ് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടില്ല,അതേസമയം തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധേയ സംവിധായകനായ കൊരട്ടല ശിവയുടെ പുതിയ ചിത്രം ദേവര ആണ് .ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറുമാണ് പ്രധാന താരങ്ങൾ. രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. സെപ്തംബർ 27ന് ദേവര റിലീസ് ചെയ്യും. ദേവര 2നു മുൻപ് പ്രണവ് ചിത്രം സംവിധാനം ചെയ്യാനാണ് കൊരട്ടല ശിവ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |