മയാമി : അടുത്തവർഷം ഡിസംബറിൽ കരാർ പൂർത്തിയാകുന്നതോടെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമി വിടുമെന്ന് സൂചനകൾ. 2025 ഡിസംബർ വരെയാണ് മെസിക്ക് ഇന്റർ മയാമിയുമായി കരാറുള്ളത്. തന്റെ ബാല്യകാല ക്ളബായ അർജന്റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് മെസി മടങ്ങിപ്പോകുമെന്നാണ് സ്പാനിഷ് വാർത്താ ഏജൻസി എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1995 മുതൽ 2000 വരെ മെസി ന്യൂവെൽസിന്റെ താരമായിരുന്നു. ഭാവിയിൽ തന്റെ പഴയ ക്ലബ്ബിലേക്ക് പോകാൻ ആഗ്രഹിക്കുന്നതായും അവിടെവച്ച് വിരമിക്കണമെന്നാണ് മോഹമെന്നും 2016ൽ സ്പാനിഷ് മാസിക എൽ പനേറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ മെസി വ്യക്തമാക്കിയിരുന്നു. 2021ൽ മെസിയുമായുള്ള കരാർ ബാഴ്‌സലോണ റദ്ദാക്കിയപ്പോൾ താരം തങ്ങളുടെ ക്ലബ്ബിലേക്ക് തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ആരാധകർ തെരുവിലിറങ്ങിയിരുന്നു.
മെസി ക്ളബ് കരിയർ
1995 മുതൽ 2000 വരെ മെസി ന്യൂവെൽസിന്റെ താരമായിരുന്നു.
2000-ലാണ് അർജന്റീനയിൽനിന്ന് സ്‌പെയ്‌നിലെ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. ബാഴ്‌സലോണ ഫുട്‌ബാൾ ക്ലബ്ബിന്റെ ലാ മാസിയ അക്കാദമിയിൽ ചേർന്ന മെസ്സി 21 വർഷക്കാലം ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചു.
2021-ൽ ഈ ബന്ധം അവസാനിപ്പിച്ചാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ലാ ലിഗയിലെ ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ കാരണമാണ് ബാഴ്‌സയ്ക്ക് മെസിയെ കൈവിടേണ്ടിവന്നത്.
2023ലാണ് രണ്ട് വർഷത്തെ കരാറിൽ അമേരിക്കൻ ക്ളബ് ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |