കൊച്ചി: മാനഭംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഒളിവിൽപോയ നടൻ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യംതേടിയാണ് ഹർജി നൽകിയത്. സിദ്ദിഖിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണിത്.
അതിനിടെ, മറ്റൊരു ലൈംഗിക പീഡനക്കേസിൽ 'അമ്മ' മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യമുള്ളതിനാൽ പിന്നീട് വിട്ടയച്ചു. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണിത്.
ഇന്നലെ രാവിലെ പത്തിന് എറണാകുളം തീരദേശ പൊലീസ് ആസ്ഥാനത്ത് മൂന്നു മണിക്കൂറിലധികം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. യുവതിയുടെ ആരോപണങ്ങൾ ബാബു നിഷേധിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് ലൈംഗികശേഷി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
നടൻ സിദ്ദിഖ് പോകാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം ഇന്നലെ അന്വേഷണ സംഘം തെരച്ചിൽ നടത്തി. സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സിദ്ദിഖിന്റെ മൊബൈൽ ഫോൺ ഇന്നലെ രാവിലെ ഓണായെങ്കിലും വൈകാതെ വീണ്ടും സ്വിച്ച് ഓഫായി. വൈകിട്ടോടെ കീഴടങ്ങുമെന്ന അഭ്യൂഹം പരന്നിരുന്നു.
അതിനിടെ സിദ്ദിഖിന് സുപ്രീകോടതിയിൽ ഹർജി നൽകുന്നതിനു വേണ്ടിയാണ് അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നു. സുപ്രീംകോടതിയെ സമീപിച്ചതോടെ അറസ്റ്റ് വൈകാൻ ഇടയുണ്ടെന്നും സൂചനയുണ്ട്. തന്റെ വാദങ്ങൾ കൃത്യമായി പരിശോധിക്കപ്പെട്ടില്ലെന്നും ഹൈക്കോടതിക്ക് പിഴവു പറ്രിയെന്നുമാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും അതിജീവിതയും സുപ്രീംകോടതിയിൽ തടസഹർജി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |