കൊച്ചി: കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗായകൻ എം ജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്‌തത് തെറ്റാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഇരുപത്തിയെട്ട്, ഇരുപത്തിയൊൻപത് തീയതികളിൽ തിരുവനന്തപുരത്ത് എനിക്ക് റെക്കാർഡിംഗ് ഉണ്ടായിരുന്നു. അപ്പോൾ സിഎമ്മിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നെ വിളിച്ച്, വീട് ഇൻസ്‌പെക്ട് ചെയ്യണമെന്ന് പറഞ്ഞു. വീട് തുറന്നുകൊടുത്തു. ബോൾഗാട്ടിയിലെ ആ വീട്ടിൽ ഞാൻ പത്ത് ദിവസത്തിൽ കൂടുതൽ ഉണ്ടാകാറില്ല. അവിടെ വലിയ മാലിന്യമൊന്നുമില്ല.
അവിടെയൊരു മാവുണ്ട്. ആ മാവിൽ നിന്ന് കുറേ മാങ്ങ വീഴും. അത് വെള്ളത്തിലോട്ടും വീടിന്റെ പരിസരത്തും വീഴും. മാലിന്യം ഒഴുക്കിയതിന് ഇരുപത്തയ്യായിരം പിഴയെന്ന് അവിടെ ആരോ പേപ്പറിൽ എഴുതിവച്ചു. ഞാൻ തർക്കിച്ചില്ല. അണ്ണാൻ കടിച്ചൊരു മാങ്ങാണ്ടിയും മാങ്ങയും തറയിൽ ചിതറിക്കിടന്നപ്പോൾ അവിടെയുണ്ടായിരുന്ന ജോലിക്കാരി അതെടുത്ത് വെള്ള പേപ്പറിൽ പൊതിഞ്ഞ് വെള്ളത്തിലിട്ടു. തെറ്റാണ്. സത്യത്തിൽ അവർ അറിയാതെ ചെയ്തതാണ്. എന്റെ വീടായതിനാൽ എനിക്ക് അതിന് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് പഞ്ചായത്ത് എനിക്ക് എഴുതിത്തന്ന ഇരുപത്തിയയ്യായിരം രൂപ ഞാൻ പിഴയായി അടച്ചു.
മാലിന്യവിമുക്ത കേരളമെന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം എന്റെ മനസിലുണ്ട്. ഞാൻ ഒരുപാട് വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. ഞാൻ ഒരിക്കലും പേപ്പറൊന്നുമെടുത്ത് വലിച്ചെറിഞ്ഞിട്ടില്ല. എന്തായാലും മാങ്ങയ്ക്കും മാങ്ങാണ്ടിക്കും ഇരുപത്തിയയ്യായിരം രൂപ എന്ന് പറയുന്നത്, ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ.
ഹരിത കർമ സേനയിലുള്ളവരെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. എടുത്തുകൊണ്ടുപോകാൻ പ്ലാസ്റ്റിക് മാലിന്യം ഒന്നുംതന്നെ ആ വീട്ടിലില്ല. ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നു. എന്റെ വീട്ടിൽ നിൽക്കുന്ന സഹോദരി, വീണ മാലിന്യം പൊതിഞ്ഞ് വെള്ളത്തിലിട്ടത് തെറ്റാണ്. അത് മാലിന്യമല്ല, മാങ്ങയാണെന്ന് ഞാൻ തിരുത്തുകയാണ്. വേണമെങ്കിൽ അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. വീഡിയോയെടുത്ത സഹോദരന് ആ ഇരുപത്തിയയ്യായിരത്തിന്റെ പകുതി കിട്ടും.
ചെയ്തത് തെറ്റാണ് പക്ഷേ വെറുമൊരു മാങ്ങാണ്ടിക്ക് 25,000 ആകുമ്പോൾ, ഇതുപോലെ എത്രയോ ആശുപത്രികളിൽ നിന്നും പല സ്ഥാപനങ്ങളിൽ നിന്നും ടൺ കണക്കിന് മാലിന്യമാണ് കൊച്ചിയിൽ ഒഴുകുന്നത്. അതൊന്നും അധികൃതർ കാണുന്നില്ലേയെന്നൊരു ചോദ്യം എനിക്ക് ചോദിക്കേണ്ടിവരും. ഒരു മാങ്ങയ്ക്ക് ഞാൻ ഇരുപത്തിയയ്യായിരം പിഴയടച്ചു. എനിക്ക് സന്തോഷമേയുള്ളൂ. നമ്മുടെ കേരളം എന്നും ശുചിത്വ കേരളമായിരിക്കണം.'- അദ്ദേഹം പറഞ്ഞു.
എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പിഴയായി 25,000 രൂപ എം ജി ശ്രീകുമാറിന് അടക്കേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |