ധീരതയ്ക്കും ഭരണമികവിനും പേരുകേട്ടവരാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ രാജ്ഞിമാർ. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കഥയും തിരുവിതാംകൂർ രാജകുടുംബത്തിനുണ്ട്. രാജകുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ തന്റെ പ്രണയത്തിനായി പോരാടിയ ഒരു രാജ്ഞിയുടെ കഥ. 1848-1901 കാലത്ത് ജീവിച്ചിരുന്ന ഭരണി തിരുനാൾ ലക്ഷ്മി ഭായ് ആണ് കഥയിലെ നായിക.
തിരുവിതാംകൂർ കൊട്ടാരത്തിലെ സീനിയർ റാണിയായിരുന്നു ഭരണി തിരുനാൾ ലക്ഷ്മി ഭായ്. മരുമക്കത്തായമായിരുന്നു കൊട്ടാരത്തിൽ പാലിച്ചുവന്നിരുന്നത്. സ്വത്തവകാശവും വംശപരമ്പരയും സഹോദരിയുടെ മക്കൾക്കായിരുന്നു കൈമാറിയിരുന്നത്. സ്ത്രീകളിലൂടെ വംശപരമ്പര കൈമാറപ്പെടുന്ന സമ്പ്രദായമാണിത്.
തിരുവിതാംകൂർ രാജകുടുംബവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന കോലത്തുനാട് കുടുംബാംഗമായിരുന്നു ഭരണി തിരുനാൾ തമ്പുരാട്ടിയുടെ മാതാവ്. തിരുവിതാംകൂർ മഹാരാജാവ് ഉത്രം തിരുനാളിന്റെ അനന്തരവളായ പൂരാടം തിരുനാൾ ലക്ഷ്മി ബായി 1857ൽ പ്രസവസമയത്ത് മരണപ്പെട്ടപ്പോൾ ഭരണി തിരുനാളിനെയും അനുജത്തി പാർവതി ബായിയെയും ആറ്റിങ്ങലിലെ സീനിയർ, ജൂനിയർ റാണിമാരാക്കാൻ അദ്ദേഹം തീരുമാനിച്ചു.
പരപ്പനാട് രാജകുമാരനായ കേരള വർമ വലിയ കോയി തമ്പുരാനെയാണ് ലക്ഷ്മി ഭായ് വിവാഹം ചെയ്തത്. പ്രശസ്ത കവിയായിരുന്ന അദ്ദേഹം കേരളത്തിന്റെ കാളിദാസൻ എന്നാണ് അറിയപ്പെട്ടിരുന്നത്. സന്തോഷപരമായ ദാമ്പത്യമായിരുന്നു ഇരുവരും നയിച്ചിരുന്നതെങ്കിലും അവർക്ക് മക്കളില്ലായിരുന്നു.
1875ൽ കൊട്ടാരത്തിൽ നടന്ന ഒരു ഗൂഢാലോചനയുടെ ഫലമായി കേരള വർമ തമ്പുരാനെ അപ്പോഴത്തെ ഭരണാധികാരിയായ മഹാരാജാവ് ആയില്യം തിരുനാൾ തടവിലാക്കി. ആലപ്പുഴയിലായിരുന്നു കേരള വർമയെ തടവിലാക്കിയത്. തുടർന്ന് ഹരിപ്പാട്ടെ കുടുംബവീട്ടിൽ വീട്ടുതടങ്കലിലാക്കി.
തന്റെ ഭർത്താവിന്റെ മോചനത്തിനായി ഭരണി തിരുനാൾ നിരവധി തവണ അപേക്ഷിച്ചെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടു. റാണി കൊട്ടാരത്തിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടാൻ നിർബന്ധിതയാവുകയും ചെയ്തു. കേരള വർമയെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം ചെയ്യാനും റാണിക്കുമേൽ വലിയ സമ്മർദ്ദമുണ്ടായി. എന്നാൽ ഇതെല്ലാം നിരസിച്ച റാണിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. റാണിക്ക് നൽകിവന്ന എല്ലാ ആനുകൂല്യങ്ങളും മഹാരാജാവ് വെട്ടിക്കുറച്ചു. തുടർന്ന് വളരെ കഷ്ടതയേറിയ ജീവിതമായിരുന്നു റാണിക്ക് നയിക്കേണ്ടി വന്നത്.
1880ൽ മഹാരാജാവ് ആയില്യം തിരുനാൾ കാലം ചെയ്യുകയും പുതിയ ഭരണാധികാരിയായി വിശാഖം തിരുനാൾ ചുമതലയേൽക്കുകയും ചെയ്തതിനുശേഷമാണ് കേരള വർമ്മ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്. തുടർന്ന് അഞ്ചുവർഷത്തിനുശേഷം കേരള വർമയും തന്റെ പ്രയപത്നിയായ ലക്ഷ്മി ഭായും ഒന്നിച്ചു. തന്റെ പ്രണയത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് കേരള വർമ്മ മയൂര സന്ദേശമെന്ന പ്രശസ്ത കവിത രചിച്ചത്.
റാണി ലക്ഷ്മി ഭായുടെ പ്രണയവും ദൃഡനിശ്ചയും ലോകം മുഴുവൻ വാർത്തയായി. തന്റെ ഭർത്താവിനെ വിട്ടുപിരിയാതെ അഞ്ചുവർഷം കാത്തിരുന്ന ലക്ഷ്മി ഭായുടെ ഉറച്ച പ്രണയത്തിൽ ആകൃഷ്ടയായ ക്വീൻ വിക്‌ടോറിയ 1881ൽ റാണിക്ക് ഓർഡർ ഒഫ് ദി ക്രൗൺ ഒഫ് ഇന്ത്യ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |