മാവേലിക്കര : കെ.പി.പി.എ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്വാന്ത്വന പരിചരണ സംഘടനയായ ജീവാമൃതം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫാർമസിസ്റ്റ് സൊസൈറ്റി, ചെങ്ങന്നൂർ ഇലഞ്ഞിമേൽ ഗാന്ധി ഭവൻ ദേവാലയത്തിലെ അഗതികൾക്ക് ഇൻസുലിൻ മരുന്നുകൾ, വീൽ ചെയറുകൾ, വാട്ടർ ബെഡ്, ഗ്ളൂക്കോമീറ്റർ അടക്കമുള്ള പാലിയേറ്റീവ് സാമഗ്രികൾ നിത്യോപയോഗ സാധനങ്ങൾ എന്നിവ വിതരണം ചെയ്തു. സംസ്ഥാന ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായാണ് പാലിയേറ്റീവ് സാമഗ്രികൾ വിതരണം ചെയ്തത്. കെ.പി.പി.എ ജില്ലാ സെക്രട്ടറി സി.ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.ഹേമചന്ദ്രൻ എന്നിവർ ചേർന്ന് ഗാന്ധി ഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗക്ക് സഹായം കൈമാറി. ഗാന്ധി ഭവൻ ദേവാലയം മാനേജർ ജയശ്രീ, ജീവാമൃതം പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എ.അജിത് കുമാർ, ഗാന്ധി ഭവൻ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |