കല്ലമ്പലം: നാവായിക്കുളത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. ഡീസന്റ്മുക്ക് സ്വദേശി പ്ലസ് ടു വിദ്യാർത്ഥിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെതുടർന്ന് ഏതാനും ദിവസങ്ങളായി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംശയത്തെത്തുടർന്ന് ഡോക്ടർമാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. വിദഗ്ദ്ധ പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരംസ്ഥിരീകരിച്ചു. കുട്ടി ഓണത്തിന് കൂട്ടുകാരുമൊത്ത് കപ്പാംവിള മാടൻകാവ് കുളത്തിൽ കുളിച്ചിരുന്നു. തുടർന്നാണ് പനിയും അസ്വസ്ഥതയുമുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
കുളം സന്ദർശിച്ച ആരോഗ്യപ്രവർത്തകർ പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. കുളത്തിൽ കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നാവായിക്കുളം ഇടമൺനില പോരേടംമുക്ക് സ്വദേശി ശരണ്യയ്ക്ക് വീടിനടുത്തുള്ള തോട്ടിൽ കുളിച്ചതിലൂടെ രണ്ടുമാസത്തിനു മുൻപ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നു. അതാണ് നാവായിക്കുളം പഞ്ചായത്തിലെ ആദ്യ കേസ്. ഇവരുടെ അസുഖം പൂർണമായും ഭേദമായി. ശരണ്യയ്ക്ക് അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ലോറിനേഷൻ, ബോധവത്കരണം, നിരീക്ഷണം എന്നിവയിലൂടെ അസുഖം പടരാതിരിക്കാനുള്ള മുൻകരുതലുകൾ പഞ്ചായത്ത് സ്വീകരിച്ചിരുന്നു. മുൻകരുതൽ പരിമിതമായ ദിവസങ്ങളിലേക്ക് ഒതുങ്ങിയതോടെ കുളങ്ങളും ജലാശയങ്ങളുമൊക്കെ വീണ്ടും പായലും മാലിന്യവും കൊണ്ടു നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |