വെള്ളറട: വെള്ളറടയിൽ ഇന്നോവ കാറിൽ കടത്തിയ ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇന്നലെ രാത്രി ഏഴരയോടെയാണ് വെള്ളറടയ്ക്കു സമീപം കുരിശുമല സംഗമവേദിക്ക് അടുത്തുള്ള ഇടറോഡിൽ വച്ച് നാർക്കോട്ടിക് സെല്ലും വെള്ളറട പൊലീസും സംയുക്തമായി കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. 150 കിലോയിലേറെ വരുന്ന കഞ്ചാവ് അഞ്ചുചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു. പൊലീസിനെ കണ്ട് വാഹനമുപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് പിടികൂടിയത്. റൂറൽ എസ്.പിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവരം നാർക്കോട്ടിക് സെല്ലിന് കൈമാറുകയും തുടർന്ന് ആറാട്ടുകുഴിയിൽ പൊലീസ് താത്കാലിക ബാരിക്കേട് തീർത്ത് കാത്ത് നിൽക്കുകയുമായിരുന്നു. എന്നാൽ പൈലറ്റായെത്തിയ വാഹനത്തിലുള്ളവർ പൊലീസ് നിൽക്കുന്നവിവരം കൈമാറിയതോടെ കഞ്ചാവുമായി വന്ന ഇന്നോവ കാർ റൂട്ട്മാറി കത്തിപ്പാറവഴി പന്നിമലയിലേക്ക് പോയതിനിടെ കത്തിപ്പാറവഴിയും ആറാട്ടുകുഴി കൂതാളി വഴിയും പൊലീസ് സംഘം വാഹനത്തെ പിന്തുടർന്നു. ഇതിനിടെ ഇടറോഡിൽ കയറ്റി വാഹനമുപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ നിയാസ്, കൊല്ലം കടയ്ക്കൽ സ്വദേശി സമീർഖാൻ എന്നിവരാണ് പിടിയിലായത്. റൂറൽ എസ്. പി സംഭവമറിഞ്ഞ് രാത്രിതന്നെ സ്ഥലത്തെത്തി. വെള്ളറട സി.ഐ പ്രസാദ്,എസ്.ഐ റസൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |