തൃശൂർ: കാൽനട യാത്രക്കാർക്ക് ആശ്വാസമാകുന്ന ശക്തൻ നഗറിലെ ആകാശ നടപ്പാത (സ്‌കൈവോക്ക്) തുറന്നു. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ, പി. ബാലചന്ദൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി തുടങ്ങിയവർ പങ്കെടുത്തു. അടച്ചുറപ്പുള്ള ഗ്ലാസ് സ്ഥാപിച്ച്, ഉൾഭാഗം ശീതീകരിക്കാനും കൂടുതൽ ലിഫ്ടുകൾ സ്ഥാപിക്കാനുമാണ് ആകാശപ്പാത താത്കാലികമായി അടച്ചിട്ടത്. നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിംഗ് സൗകര്യവും വശങ്ങൾക്ക് ചുറ്റും ഗ്ലാസും (ടഫൻഡ് ഗ്ലാസുകൾ) സീലിംഗും സ്ഥാപിക്കുന്നതും പൂർത്തിയായതോടെയാണ് തുറന്നത്. കൂടുതൽ ലിഫ്റ്റുകളും ഒരുക്കി.
ആകാശപ്പാതയുടെ മുകളിൽ സ്ഥാപിച്ച സോളാർ പാനൽ വഴിയാണ് എയർ കണ്ടിഷനിംഗ്, വെളിച്ച സംവിധാനങ്ങൾ, ലിഫ്ടുകൾ എന്നിവയ്ക്കുള്ള വൈദ്യുതി ലഭിക്കുക. ആകാശപ്പാതയ്ക്കുള്ളിലും മറ്റുമായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് വൃത്താകൃതിയിൽ ആകാശപ്പാത നിർമ്മിച്ചത്. ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞവർഷം ആഗസ്റ്റിൽ തുറന്നു നൽകി. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആകാശപ്പാത ശീതീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |