പൗരാവകാശത്തിന്റെ ഏറ്റവും വലിയ ഉദാഹരണമെന്ന് രാജ്യത്ത് 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമം. പൗരന്റെ അറിയാനുള്ള ഏറ്റവും ഒടുവിലത്തെ ബ്രഹ്മാസ്ത്രമായി വിവരാവകാശ നിയമത്തെ വിലയിരുത്താം. വിവരാവകാശം തേടിപ്പോകുന്നയാളെ തെറ്റായ വഴിയിലൂടെ ആര് നടത്തിച്ചാലും അത് കടുത്ത അപരാധമാണ്. അയാൾ ശിക്ഷാർഹനാണ്. പക്ഷേ ആ അധികാരം ആർക്കാണ്?
തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് സംബന്ധിച്ച് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ഇപ്പോൾ ഉയർന്നു വന്നതെന്നത് തികച്ചും യാദൃച്ഛികമായി കരുതാനാകില്ല. വിവരാവകാശവുമായി ബന്ധപ്പെട്ട് അധികാരികളെ സമീപിക്കുന്ന പലരും നേരിടുന്ന പ്രശ്നമാണിത്. ഒന്നുകിൽ വിവരം വൈകിപ്പിക്കുക. അല്ലെങ്കിൽ അപൂർണമായ വിവരം നൽകുക. അതുമല്ലെങ്കിൽ വിവരം നൽകാനാകില്ലെന്ന് തെറ്റായ മറുപടി നൽകി അപേക്ഷകനെ വട്ടം ചുറ്റിക്കുക... ഇത്യാദിയാണ് വിനോദങ്ങൾ.
നിയമത്തിൽ
പറയുന്നത്
വിവരാവകാശ നിയമത്തിലെ സെക്ഷൻ- 6 അനുസരിച്ചാണ് ഒരാൾക്ക് പൊതു അധികാര സ്ഥാനത്തിരിക്കുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകാനാവുക. അപേക്ഷ സ്വീകരിച്ചാൽ 30 ദിവസത്തിനകം മറുപടി നൽണമെന്നാണ് നിഷ്‌കർഷ. അല്ലാത്തപക്ഷം 30 ദിവസങ്ങൾക്കു ശേഷം നൽകുന്ന വിവരങ്ങൾ അപേക്ഷകന് സൗജന്യമായി നൽകേണ്ടതാണ്. എന്നാൽ, ആവശ്യപ്പെട്ട വിവരങ്ങൾ ഒരാളുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ചുള്ളതാണെങ്കിൽ 48 മണിക്കൂറുകൾക്കുള്ളിൽ മറുപടി നൽകേണ്ടതാണെന്ന് സെക്ഷൻ 7(1) പറയുന്നു.
ലഭ്യമായ വിവരങ്ങൾ അപൂർണവും അസത്യവുമാണെങ്കിൽ കംപ്ലയിന്റ് പെറ്റീഷനുമായി വിവരാവകാശ കമ്മിഷനെ നേരിട്ട് സമീപിക്കാമെന്ന് സെക്ഷൻ-18 വ്യക്തമാക്കുന്നു. അതിന്മേൽ കമ്മിഷന്റെ തീർപ്പ് വന്നതിനു ശേഷം മാത്രം സെക്ഷൻ-19 അനുസരിച്ച് ഇതുസംബന്ധിച്ച് അപ്പീൽ നൽകാനും അവസരമുണ്ട്. മറുപടി നൽകേണ്ട 30 ദിവസത്തെ സമയപരിധി പിന്നിട്ടാൽ സെക്ഷൻ-20 (1)പ്രകാരം വിവരം കൊടുക്കാത്തതിന് ഒരു ദിവസത്തേക്ക് 250 രൂപ പിഴ തുക ഈടാക്കാം. ഇതിന് 25,000 രൂപ വരെ ശിക്ഷാപരിധിയും നിഷ്‌കർഷിച്ചിട്ടുണ്ട്.
സെക്ഷൻ-20(2)ലാണ് വകുപ്പുതല ശിക്ഷാ നടപടികളെപ്പറ്റി പറഞ്ഞിട്ടുള്ളത്. പലവക 21-ൽ ഉത്തമ വിശ്വാസത്തിൽ എടുത്ത് നടപടിക്ക് സംരക്ഷണം പറയുന്നു. ഈ ആക്ടിന്റെ പേരിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിന്റെയോ, ആക്ടിനു കീഴിൽ ഉത്തമ വിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിക്കുന്നതോ ആയ എന്തിനെങ്കിലും വേണ്ടി ഏതെങ്കിലും വ്യക്തിക്കെതിരെ യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ നിലനിൽക്കുന്നതല്ല. അതായത്, വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥൻ തെറ്റായ മറുപടി നൽകിയാൽ നടപടിയെടുക്കേണ്ടത് വിവരാവകാശ കമ്മിഷനാണ്. ഇതു മറികടന്നാണ്, പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ആയ എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പിയുടെ സസ്‌പെൻഷൻ എന്ന് വിവരാവകാശ നിയമപ്രകാരം കാണാം.
ഉദ്യോഗസ്ഥ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും നടപടിയെടുക്കേണ്ടത് കമ്മിഷനാണെന്നും ഉള്ള വിശകലനങ്ങൾ ചിന്തനീയമാണ്. ഈ നടപടി ചോദ്യം ചെയ്ത് ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന ഭാരവാഹി വിവരാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മുൻ നിയമ സെക്രട്ടറിയും ഇപ്പോൾ വിവരാവകാശ കമ്മിഷണറുമായ ഹരി വി.നായരാണ് ഈ പരാതി പരിഗണിക്കുന്നത്. നിയമപ്രകാരം വിവരാവകാശ കമ്മിഷൻ മുന്നോട്ടു പോയാൽ സസ്‌പെൻഡ് ചെയ്ത നടപടി നിയമപരമായി പുന:പരിശോധിച്ചേക്കാം.
വിവരാവകാശ നിയമപ്രകാരം സർക്കാർ ഓഫീസുകളിലെ വിവരാവകാശ ഓഫിസർമാർ കമ്മിഷന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടത്. തെറ്റായ വിവരം നൽകിയെന്ന് ഉദ്യോഗസ്ഥനെതിരെ സർക്കാരിന് പരാതിയുണ്ടെങ്കിലും നേരിട്ടു നടപടിയെടുക്കാൻ കഴിയില്ല. കാരണം, ഈ ചുമതല ഒരു അർദ്ധ ജുഡിഷ്യൽ അധികാരമാണ്. ഇക്കാര്യം കമ്മിഷനെ അറിയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. കമ്മിഷനാണ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിസ്തരിച്ച ശേഷം നടപടിക്ക് സർക്കാരിനോടു ശുപാർശ ചെയ്യേണ്ടുന്നതെന്നും 2005-ലെ നിയമം നിഷ്‌കർഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |