മുണ്ടൂർ: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക കാർ തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴിയിൽ വീണ് ടയർ പൊട്ടി.ആർക്കും പരിക്കില്ല.
മുണ്ടൂർ മഠം സ്റ്റോപ്പിനടുത്ത് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മുൻവശത്തെ ഇടത്തെ ടയറാണ് കേടായത്. പേരാമംഗലം പൊലീസ് എത്തി ടയർ മാറ്റിയശേഷം കൊച്ചിയിലേക്ക് യാത്ര തുടർന്നു.
കോഴിക്കോട്ടെ പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരുകയായിരുന്നു. കാർ കേടായതോടെ ജസ്റ്റിസ് റോഡിലിറങ്ങി. പൊലീസെത്തി ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് ടയർ മാറ്റിയിട്ടത്. തൃശൂർ - കുന്നംകുളം റോഡിന്റെ അപകടാവസ്ഥയിൽ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ ഇരുപത് കിലോമീറ്ററോളം ദൂരം തകർന്ന റോഡിലൂടെയുള്ള യാത്ര രണ്ടുതവണ മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു.
അറ്റകുറ്റപ്പണികൾ ഇന്നലെ പൂർത്തിയാക്കണമെന്ന് തിങ്കളാഴ്ച എം.എൽ.എമാരും ജില്ലാ കളക്ടറും പങ്കെടുത്ത യോഗത്തിൽ കർശനനിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. ക്വാറി വേസ്റ്റിട്ട് അടച്ചതിനാൽ റോഡ് നിറയെ പൊടിയാണ്. ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ടാറിടാനായത്. ചൂണ്ടൽപ്പാടത്ത് യന്ത്രസഹായത്തോടെ ടാറിട്ടിരുന്നു. മറ്റിടങ്ങളിലും ഇതേ രീതിയിൽ ടാറിടണമെന്നാണ് ആവശ്യം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് തൃശൂർ- കുറ്റിപ്പുറം സംസ്ഥാന ഹൈവേയുടെ വികസനം നടക്കുന്നത്. നിലവിലെ റോഡ് പൊളിച്ച് കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്.
ശബരിമല തീർത്ഥാടനത്തിന്
പണിതീർക്കണം: ഹൈക്കോടതി
ശബരിമല സീസൺ ആരംഭിക്കും മുമ്പ് തൃശൂർ - കുറ്റിപ്പുറം പാത പണി പൂർത്തീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 2021ൽ ഏറ്റെടുത്ത കരാർ കമ്പനി 2023 ഡിസംബറിലാണ് റോഡ് പണി പൂർത്തിയാക്കേണ്ടിയിരുന്നത്. ഇതുവരെ റോഡ് പണിയുടെ 19 ശതമാനമാണ് പൂർത്തിയാക്കിയത്. പുതിയ കരാറുകാരനെ നിയമിക്കാനോ റോഡ് പണി പൂർത്തിയാക്കാനോ നടപടിയെടുക്കാത്തതിനെ തുടർന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് അഡ്വ.കെ.ബി.ഗംഗേഷ് മുഖാന്തിരം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നായിരുന്നു ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |