ന്യൂഡൽഹി : സി.പി.എം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പ്രകാശ് കാരാട്ടിനെ നിയോഗിച്ചു. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണിത്. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 2025 ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിൽ സ്ഥിരം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാണ് 76കാരനായ പ്രകാശ് കാരാട്ട്. പാർട്ടി ചുമതലകൾക്ക് 75 വയസാണ് പ്രായപരിധിയെങ്കിലും കോഓർഡിനേറ്റർ ചുമതല വഹിക്കാൻ ഇളവ് നൽകുകയായിരുന്നു.
പാർട്ടി കോൺഗ്രസിന് ആറുമാസം മാത്രമേയുള്ളൂ. ചുരുങ്ങിയ കാലയളവിലെ ഏകോപനത്തിന് ജനറൽ സെക്രട്ടറിയെന്ന നിലയിൽ അനുഭവപരിചയമുള്ള പ്രകാശ് കാരാട്ടിനെ നിയോഗിക്കുകയായിരുന്നു. 2005 ഏപ്രിൽ 11 മുതൽ 2015 ഏപ്രിൽ 19 വരെയാണ് ജനറൽ സെക്രട്ടറിയായിരുന്നത്. 1985ലാണ് കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്. 1992ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ വൃന്ദ കാരാട്ടാണ് ഭാര്യ.മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ മാസങ്ങൾക്കകം നടക്കാനിരിക്കുകയാണ്. കേരളത്തിൽ പാർട്ടി നേരിടുന്ന പ്രശ്‌നങ്ങളും കൈകാര്യം ചെയ്യണം.
തലമുറ മാറ്റം
മധുര കോൺഗ്രസിൽ തലമുറ മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, സുഭാഷിണി അലി, മണിക് സർക്കാർ, സുർജയ കാന്ത മിശ്ര എന്നിവർക്ക് 75 വയസ് പിന്നിട്ടു. ഇവരെ പൊളിറ്റ്ബ്യൂറൊ, കേന്ദ്ര കമ്മിറ്റി എന്നിവയിൽ നിന്ന് ഒഴിവാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |