കണ്ണൂർ : വിവാദങ്ങൾക്കിടെ എ.ഡി,ജി,പി അജിത്‌കുമാർ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ശത്രുസംഹാര പൂജ അടക്കമുള്ള വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചതായാണ് വിവരം. ഞായറാഴ്ച രാവിലെ പഴയങ്ങാടി മാടായിക്കാവിലാണ് ആദ്യമെത്തിയത്. തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി.
പുലർച്ചെ അഞ്ചോടെയാണ് മാടായിക്കാവിലെത്തിയത്. ശാക്തേയ ക്ഷേത്രമായ ഇവിടത്തെ പ്രധാന വഴിപാടാണ് ശത്രുസംഹാര പൂജ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. രഹസ്യ സന്ദർശനമായിരുന്നു എ.ഡി.ജി.പിയുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണുണ്ടായിരുന്നത്. ക്ഷേത്രദർശനത്തിനു ശേഷം കണ്ണൂർ എ.ആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി.
അജിത്‌കുമാറിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സി.പി,ഐ അടക്കമുള്ള ഭരണപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോഴാണ് എ.ഡി.ജി.പിയുടെ ക്ഷേത്രദർശന വാർത്ത പുറത്തുവരുന്നത്. ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി ക്രമസമാധാന ചുമതലയിൽ തുടരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പിക്കെതിരെ ഉയർന്ന പരാതികളിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |