തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യം ചോർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണെന്ന് റിപ്പോർട്ട്. ചോർത്തിയത് കോളേജിലെ ജീവനക്കാരെന്ന് പൊലീസിന് വിവരം ലഭിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് സംഭവത്തിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ആസൂത്രണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ചോദ്യപ്പേപ്പർ എത്തിയത് എസ്.എ.പി കോൺസ്റ്റബിൾ വി.എം ഗോകുലിന്റെയും വി.എസ്.എസ്.സിയിലെ കരാർ ജീവനക്കാരൻ സഫീറിന്റെയും കയ്യിലാണെന്നുമാണ് വിവരം. ഇരുവരും ലിസ്റ്റിലെ രണ്ടാംറാങ്കുകാരനായ പ്രണവിന്റെ സുഹൃത്തുക്കളാണ്. നേരത്തെ പിടിച്ചെടുത്ത ഫോണുകൾ പാളയം ടവർ ലൊക്കേഷന് കീഴിലെന്നും സ്ഥിരീകരണമുണ്ട്.
അതേസമയം, പ്രണവും ശിവരഞ്ജിത്തും ഒരേ സമയത്താണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും കണ്ടെത്തിയിരുന്നു. പുലർച്ചെ രണ്ട് മണി 13മിനിറ്റ് 44സെക്കൻഡിലാണ് ഇരുവരുടെയും അപേക്ഷ പി.എസ്.സിയുടെ സെർവറിലെത്തിയത്. രണ്ട് മൊബൈലുകളിൽ അപേക്ഷ തയ്യാറാക്കി ഒരേസമയം അയയ്ക്കുകയായിരുന്നു. ഒരേ പരീക്ഷാകേന്ദ്രവും അടുത്തടുത്ത രജിസ്റ്റർ നമ്പറും കിട്ടാനായിരുന്നു ഇത്. രണ്ടുപേരുടെയും അപേക്ഷ അയച്ചത് പ്രണവാണ്. 28-ാം റാങ്കുകാരനായ നസീം രണ്ട് പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്തെന്നും ഇതിലൊന്നു മാത്രമാണ് സെർവറിലേക്ക് അയച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |