ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി. മലയാള വർഷത്തെ ആദ്യത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. തിങ്കളാഴ്ച്ച രാവിലെ 6.30ന് തൃപ്പൂത്തറയിൽ നിന്ന് ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ടുകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും തന്ത്രികണ്ഠര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8 ന് ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും നാല് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച് അന്നദാനവുംനടന്നു. മലയാള വർഷത്തെ ആദ്യത്തെ തൃപ്പൂത്തായതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപെട്ടത്. ദിവാനായിരുന്ന കേണൽ മൺറോ സായിപ്പ് പ്രയശ്ചിത്തമായി നടയ്ക്കുവെച്ച സ്വർണക്കാപ്പ്, പനം തണ്ടൻ വളകൾ, ഓഢ്യാണം എന്നിവ ദേവിക്ക് ചാർത്തി. കൂടാതെ ശ്രീ മഹാദേവന്റെ സ്വർണനിലയങ്കിയും ചാർത്തിയായിരുന്നു ദർശനം. തിരുവാഭരണങ്ങൾ വർഷത്തിൽ ഒരിക്കൽ ചാർത്തുന്നത് ഈ ദിവസമാണ്.ആറാട്ടിനു ശേഷം 12 ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം മെമ്പർ അഡ്വ.എ.അജികുമാർ ,വിജിലൻസ് ഓഫീസർ ആർ.ഹരികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി ആർ.മീര, ഉപദേശക സമിതി പ്രസി.എൻ.ആർ രതീഷ് കുമാർ ,സെക്രട്ടറി എം.എച്ച് വൈശാഖൻ ,അംഗങ്ങളായ എൻ.ആർ സനൽകുമാർ ,സതീഷ് കുമാർ ,ഹരികുമാർ ,ഷാജി വേഴപ്പറമ്പിൽ, എം.കെ പ്രവീൺ, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |