തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയുമടക്കം ഫോൺ അനധികൃതമായി ചോർത്തിയെന്ന വെളിപ്പെടുത്തലിൽ എന്ത് നടപടിയെടുത്തെന്ന് ഉടനടി അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മറുപടി നൽകാതെ സർക്കാർ.
സെപ്തംബർ പത്തിനാണ് കത്തയച്ചത്. 20 ദിവസം കഴിഞ്ഞിട്ടും മറുപടിയില്ല. വിശദീകരണം നൽകിയില്ലെങ്കിൽ രാഷ്ട്രപതിക്ക് എല്ലാ മാസവും അയയ്ക്കുന്ന സംസ്ഥാനത്തെ പൊതുസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്താനാണ് ഗവർണറുടെ നീക്കം. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ആഭ്യന്തരമന്ത്രി എന്നിവർക്കും ഗവർണർ പ്രതിമാസ റിപ്പോർട്ടയയ്ക്കാറുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ ചോർത്തിയെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണം ഗൗരവമേറിയതാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടത്. സോഫ്‌റ്റ്‌വെയറുപയോഗിച്ച് താൻ ഫോൺചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്.
അൻവറിനെതിരെ കോട്ടയത്ത് കേസെടുത്തിട്ടുണ്ട്.
പൊതുസുരക്ഷയെ ബാധിക്കുംവിധം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തെന്നാണ് കുറ്റം. ഇതു ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റും പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാക്കാനും മനഃപൂർവം കലാപം സൃഷ്ടിക്കാനും ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. ഒരു വർഷം തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
അടച്ചുപൂട്ടലിലേക്ക് സ്പെഷ്യൽ സ്കൂളുകൾ
കാൽലക്ഷം കുട്ടികളെ ബാധിക്കും
ഷാബിൽ ബഷീർ
മലപ്പുറം: സർക്കാരിന്റെ ഫണ്ട് മുടങ്ങിയതോടെ സംസ്ഥാനത്തെ 314 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായി. ഭിന്നശേഷിക്കാരായ കാൽലക്ഷത്തോളം വിദ്യാർത്ഥികളെയും 5,200ഓളം ജീവനക്കാരെയുമാണ് ഇത് ബാധിക്കുക.
സ്കൂളുകൾക്കുള്ള ഗ്രാൻഡ്, അദ്ധ്യാപകർക്കുള്ള ഓണറേറിയം എന്നിവയ്ക്കുള്ള അപേക്ഷ ജൂണിൽ ക്ഷണിച്ച് ആദ്യ ഗഡു സെപ്തംബറിലും രണ്ടാം ഗഡു മാർച്ചിലും അനുവദിക്കാറാണ് പതിവ്. ഇത്തവണ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. എസ്.എസ് പോർട്ടൽ വഴി കുട്ടികളുടെ വിശദ വിവരങ്ങൾ സമർപ്പിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തിയാണ് ഫണ്ട് അനുവദിക്കുക.
എൻ.ജി.ഒകളും സംഘടനകളും നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് ഫണ്ട് അനുവദിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഇതിന് 60 കോടിയോളം രൂപ വേണം. എട്ട് വിദ്യാർത്ഥികൾക്ക് ഒരു എഡ്യൂക്കേറ്റർ വേണം. 28,000 - 32,000 വരെയാണ് വേതനം. ആയമാർക്ക് 18,790 രൂപയും.
കഴിഞ്ഞ വർഷമിറക്കിയ സാമ്പത്തിക പാക്കേജിൽ ആയമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ടാംതരത്തിൽ നിന്ന് പത്ത് ആക്കിയതോടെ വർഷങ്ങളായി ജോലി ചെയ്യുന്ന പലർക്കും ശമ്പളം നൽകാനാവാത്ത സ്ഥിതിയുമുണ്ട്. റൈറ്റ് ഒഫ് പേഴ്സൺ വിത്ത് ഡിസബിലറ്റീസ് ആക്ട് പ്രകാരം രജിസ്ട്രേഷൻ അനുവദിക്കാൻ സ്പെഷ്യൽ സ്കൂളുകളിൽ 18 വയസിന് താഴെയുള്ള 20 കുട്ടികൾ വേണം. എന്നാൽ ബഡ്സ് സ്കൂളുകളിൽ ഒരുകുട്ടിയുണ്ടെങ്കിലും രജിസ്ട്രേഷൻ ലഭിക്കും. കഴിഞ്ഞ വർഷം 40 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |