കൊട്ടാരക്കര : പട്ടണത്തിലെ വിനോദ സഞ്ചാരകേന്ദ്രമായ മീൻപിടിപ്പാറയിലേക്ക് പുതിയ നടപ്പാതയൊരുങ്ങും. കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പുലമൺ പാലത്തിന് സമീപത്തുനിന്ന് തുടങ്ങി, പുലമൺ തോടിന്റെ ഇടത് വശം ചേർന്നാണ് നടപ്പാത നിർമ്മിക്കുക. മാലിന്യമുക്ത നവകേരളം, സമഗ്ര കൊട്ടാരക്കര ജനകീയ കാമ്പയിനുകളുടെ ഭാഗമായി പുലമൺ തോട് നവീകരിക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി തോട് നവീകരണത്തിനൊപ്പം നടപ്പാതകൂടി നിർമ്മിച്ച് മീൻപിടിപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ദേശീയ പാതവരെ നടക്കാം
മീൻ പിടിപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോൾ 300 മീറ്റർ നീളത്തിൽ നടപ്പാതയുണ്ട്. ഇത് ദേശീയ പാതവരെ എത്തിക്കാനാണ് പുതിയ പദ്ധതി. അര കിലോമീറ്ററിലധികം പുതുതായി പാത നിർമ്മിക്കേണ്ടിവരും. വാഹനങ്ങൾ ഇതുവഴി പോകില്ല. കാൽനടയാത്രികർക്ക് കൂടുതൽ രസാനുഭവമായി മാറും. നിലവിൽ എസ്.ജി.കോളേജിന് പിന്നിലൂടെയുള്ള റോഡ് മാർഗം മാത്രമാണ് മീൻപിടിപ്പാറയിൽ എത്തുവാൻ കഴിയുക. പുതിയ പാത നിർമ്മിച്ചാൽ പുലമൺ കവലയിൽ നിന്ന് നടന്ന് മീൻപിടിപ്പാറയിലെത്താം.
മീൻപിടിപ്പാറ
എസ്.ജി കോളേജിന്റെ പിന്നിലായി പ്രകൃതിയൊരുക്കിയ സുന്ദരക്കാഴ്ചകളും ചെറു വെള്ളച്ചാട്ടവുമൊക്കെ ഉൾപ്പെടുത്തിയാണ് മീൻപിടിപ്പാറ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യ ശില്പമാണ് മുഖ്യ ആകർഷണം. ഇതിന്റെ ചുറ്റും പാറക്കെട്ടുകളും വെള്ളവുമാണ്. താഴേക്ക് വെള്ളം തട്ടിച്ചിതറിയൊഴുകുന്നു. തൂക്കുപാലം നിർമ്മിച്ചു. കളിക്കോപ്പുകളും ചെടികളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഊഞ്ഞാലുകളും ശില്പങ്ങളുമൊക്കെ ഇവിടെയുണ്ട്. ഓരോന്നും കാഴ്ചയ്ക്കും വിനോദത്തിനും ഇഷ്ടപ്പെടും. ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കുന്നതിനാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |