ഷൊർണൂർ: തൃശൂർ ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരുന്ന ട്രെയിനുകൾ ഷൊർണൂർ ജംഗ്ഷനെ ഒഴിവാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒറ്റപ്പാലം സ്റ്റേഷനിലാകട്ടെ 36 ട്രെയിനുകൾക്ക് സ്റ്റോപ്പുമില്ല. ഇതേ തുടർന്ന് തൃശൂർ, എറണാകുളം ഭാഗത്തേക്ക് ജോലിക്കും മറ്റുമായി യാത്ര ചെയ്യുന്ന ആയിരക്കണക്കിനാളുകൾ വൻ യാത്രാക്ലേശമാണ് നേരിടുന്നത്. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ ആകെ 52 ട്രെയിനുകളാണ് എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്ക് ആഴ്ചയിൽ സഞ്ചരിക്കുന്നത്. ഇതിൽ 16 ട്രെയിനുകൾക്കേ ഒറ്റപ്പാലത്ത് സ്റ്റോപ്പുള്ളൂ. ഒറ്റപ്പാലത്ത് കൂടി കടന്നു പോകുന്ന മറ്റ് 36 ട്രെയിനുകൾ ഇവിടെ നിറുത്തില്ല. എറണാകുളം ഭാഗത്ത് നിന്നുള്ള യാത്രക്കാർ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി ബസിൽ ഒരു മണിക്കൂറിലേറെ യാത്ര ചെയ്തു വേണം ഒറ്റപ്പാലത്തെത്താൻ.
എൻജിൻ മാറ്റേണ്ടിവരുന്നതിനുള്ള സമയനഷ്ടവും സാങ്കേതിക പ്രയാസങ്ങളുമാണ് ട്രെയിനുകൾ ഷൊർണൂരിനെ ഒഴിവാക്കി സർവീസ് നടത്താൻ റെയിൽവേയെ പ്രേരിപ്പിച്ചത്. ഇതോടെ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന സ്റ്റേഷനായി ഒറ്റപ്പാലം മാറി. ഷൊർണൂർ സ്റ്റേഷനിൽ കയറാത്ത സാഹചര്യത്തിലും ഒറ്റപ്പാലത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിച്ചിട്ടില്ല. തെക്ക് നിന്നുള്ള ട്രെയിനുകളിൽ രാത്രി 8.50നുള്ള കന്യാകുമാരി-ബെംഗളൂരു എക്സ്‌പ്രസ് ആണ് ഒറ്റപ്പാലത്ത് രാത്രി നിറുത്തുന്ന അവസാന ട്രെയിൻ. ഇതിനു ശേഷം പുലർച്ചെ 2.20ന് എത്തുന്ന അമൃത എക്‌സ്‌പ്രസിനു മാത്രമേ ഇവിടെ സ്റ്റോപ്പുള്ളു.
വരുമാനം കൂടിയിട്ടും ട്രെയിനുകളില്ല
ഒറ്റപ്പാലത്തിനു പുറമേ ചെർപ്പുളശ്ശേരി, ലക്കിടി, ശ്രീകൃഷ്ണപുരം ഭാഗത്തുനിന്ന് തീവണ്ടിയാത്രയെ ആശ്രയിക്കുന്നവർക്കും ഇത് തിരിച്ചടിയാണ്. ഷൊർണൂർ എ, ബി കാബിൻ പ്രദേശത്തുകൂടി കടന്നുവരുന്ന മിക്ക തീവണ്ടികളും തൃശൂർ കഴിഞ്ഞാൽ പാലക്കാട്ടാണ് നിർത്തുന്നത്. ഷൊർണൂരിലെത്തി നിലമ്പൂർ ഭാഗത്തേക്കുള്ള കണക്ഷൻ തീവണ്ടികളെ ആശ്രയിക്കാനും ഒറ്റപ്പാലത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പനുവദിച്ചാൽ സാധിക്കും. ഒറ്റപ്പാലത്ത് വന്നിറങ്ങി സമീപത്തുള്ള ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറിയാൽ 35 മിനിറ്റിനകം ഷൊർണൂരിലെത്താം. പിന്നീട് കണക്ഷൻ ട്രെയിനുകളിൽ യാത്രതുടരാമെന്ന സാദ്ധ്യതയുമുണ്ട്.
ഒറ്റപ്പാലത്തിറങ്ങി നേരിട്ട് പെരിന്തൽമണ്ണയുൾപ്പെടെ മലപ്പുറം ജില്ലയുടെ ഭാഗങ്ങളിലേക്ക് ബസിന് പോകാനും കൂടുതൽ സ്റ്റോപ്പനുവദിച്ചാൽ സാധിക്കും. എന്നാൽ ഒറ്റപ്പാലത്ത് മുൻപ് നിർത്തിയിരുന്ന തീവണ്ടികൾക്ക് ഇപ്പോഴും സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്ത സ്ഥിതിയുമുണ്ട്. നിലവിൽ വരുമാനം മൂന്നുകോടിരൂപയിലേറെ വർദ്ധിപ്പിക്കാൻ ഒറ്റപ്പാലം സ്റ്റേഷനായിട്ടുണ്ട്. നവീകരണവും നടക്കുന്നുണ്ട്. കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പനുവദിച്ചാൽ വരുമാനം കൂടുമെന്നതുമാത്രമല്ല, യാത്രക്കാരുടെ സൗകര്യവും കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |