ന്യൂഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിടണമെന്നും ജാമ്യ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി. ഹർജിയിൽ വാദം കേൾക്കുന്ന അടുത്ത തീയതി വരെയാണ് നിർദ്ദേശങ്ങൾ ബാധകമെന്ന് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പൊലീസിന് മുന്നിലും വിചാരണക്കോടതിയിലും സിദ്ദിഖിന് ഹാജരാകേണ്ടി വരും. ഒക്ടോബർ 22ന് ഹർജി വീണ്ടും പരിഗണിക്കും.
അതേസമയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജ്ജൻ കുമാറിന് മുന്നിൽ സിദ്ദിഖ് ഹാജരായേക്കും. ഇക്കാര്യം അഭിഭാഷകൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 2016ൽ നടന്നെന്ന് പറയുന്ന പീഡനത്തിൽ അതിജീവിത പരാതി നൽകിയത് 2024ലാണെന്ന സിദ്ദിഖിന്റെ വാദമാണ് കോടതി മുഖവിലയ്‌ക്കെടുത്തത്. സർക്കാരിന്റെയും അതിജീവിതയുടെയും വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുൻകൂർ ജാമ്യം സ്ഥിരമാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. സംസ്ഥാന സർക്കാരിനും അതിജീവിതയ്‌ക്കും നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്‌ക്കകം മറുപടി നൽകണം. അന്വേഷണവുമായി സഹകരിക്കുക, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകുക തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നൽകി.
ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന മറ്റുള്ളവർക്ക് കീഴ്ക്കോടതികളിൽ നിന്ന് ജാമ്യം കിട്ടിയെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. 2019 മുതൽ 2022 വരെ പരാതിക്കാരി അഞ്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടു. പിന്നീട് ഒരു നീക്കവും കണ്ടില്ല. സിദ്ദിഖ് ഒളിച്ചോടില്ല. പ്രമുഖ നടനാണ്. 67 വയസായി. ആദ്യമായാണ് ഇത്തരമൊരു ആരോപണം നടനെതിരെ ഉയരുന്നതെന്നും റോത്തഗി ചൂണ്ടിക്കാട്ടി.
'എന്തുകൊണ്ട് വൈകി"? അതിജീവിതയോട് കോടതി
1.എട്ടുവർഷം എന്തുചെയ്യുകയായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവറിനോട് കോടതി ചോദിച്ചു. പരാതി നൽകുന്നതിൽ നിന്ന് അതിജീവിതയെ തടഞ്ഞതെന്താണ്? മലയാള സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം പ്രശ്‌നങ്ങളെന്നും നിരീക്ഷിച്ചു.
2. ന്യായീകരിക്കാവുന്ന വൈകൽ മാത്രമാണുണ്ടായതെന്നാണ് അഭിഭാഷകയുടെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്തരം പരാതികളുടെ വെളിച്ചത്തിലാണ് കാണേണ്ടത്. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു സിദ്ദിഖ്. 2014ൽ അതിജീവിതയ്‌ക്ക് 19 വയസുള്ളപ്പോഴാണ് നടൻ പരിചയപ്പെടുന്നത്. ഹോട്ടലിലേക്ക് വിളിപ്പിച്ച് ഇരയാക്കിയെന്നും ആരോപിച്ചു.
3. ഇത്തരം അക്രമികളെ കുറിച്ച് പറയാനുള്ള സാഹചര്യം സിനിമ മേഖലയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയ വാദിച്ചു. സർക്കാർ ഗൗരവമായി എടുത്തിരിക്കുന്ന വിഷയമാണ്. 29 കേസുകളെടുത്തു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
`ദൈവത്തിന് നന്ദി. അന്വേഷണവുമായി സഹകരിക്കും'
-ഷഹീൻ,
സിദ്ദിഖിന്റെ മകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |