ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിനെതിരെ ബോട്ട് ക്ളബുകൾ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടനിൽ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികളും മൂന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻവള്ള സമിതിയുമാണ് പരാതി നൽകിയത്. കളക്ടർ അലക്സ് വർഗീസും സബ് കളക്ടർ സമീർകിഷനും ഇല്ലാതിരുന്നതിനാൽ ആർ.ഡി ഓഫീസിലാണ് പരാതി നൽകിയത്.
കാരിച്ചാൽ ചുണ്ടന്റെ വിജയം രാഷ്ട്രീതപ്രേരിതമായ അട്ടിമറിയെന്നാണ് വീയപുരം ചുണ്ടൻ വള്ളസമിതിയും കൈനകരി വില്ലേജ് ബോട്ട്ക്ലബ് (വി.ബി.സി) ഭാവാഹികളും ആരോപിക്കുന്നത്. നാളെ കളക്ടറുമായി സംസാരിക്കുമെന്നും നീതിനിഷേധമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വീയപുരം ചുണ്ടൻ വള്ളസമിതിഭാരവാഹികളായ രാജീവ്,കെ.വി.രഘു,ബി.ജി.ജഗേഷ്,കെ.കെ.രാജേഷ്‌കുമാർ,ജോസ് പവ്വത്തിൽ,ക്യാപ്ടൻ പി.വി.മാത്യു,വി.ബി.സി കൈനകരി പ്രസിഡന്റ് സി.ജി.വിജയപ്പൻ,സെക്രട്ടറി സജു സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
അനാവശ്യ ധൃതി
ഫൈനലിൽ തുല്യതപാലിച്ച ചുണ്ടൻവള്ളങ്ങളെ പരിഗണിക്കാതെ ധൃതിപിടിച്ച് നെഹ്രുട്രോഫി കൈമാറി
ട്രാക്കിലിറങ്ങുന്നവരെ തടയേണ്ട പൊലീസ് ഫൈനലിന് തൊട്ടുമുമ്പ് പിന്മാറി
ഫാൻസുകാർ വെള്ളത്തിലിറങ്ങി ഫിനിഷിംഗ് ലൈനിലെ തൂണുകളിൽ പിടിച്ചുകിടന്ന് സ്ഥാനചലനമുണ്ടാക്കി
തൂണുകൾ പലവണ്ണത്തിലുള്ളതായതിനാൽ 0.5 മില്ലി മൈക്രോസെക്കന്റിന് കാരിച്ചാൽ വിജയിയായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കില്ല
മത്സരിക്കാൻ 19 ചുണ്ടൻ വള്ളങ്ങൾ മാത്രമുള്ളപ്പോഃ ഏങ്ങനെ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നമ്പർ 20 ലഭിച്ചു.
പനത്തുഴ മാത്രമേ പാടുള്ളുവെന്നാണ് നിബന്ധന. കാരിച്ചാൽ ചുണ്ടനിൽ തടിത്തുഴ ഉപയോഗിച്ചു.
തുടക്കം ചതിച്ചു
സ്റ്റാർട്ടിംഗ് അപാകത കാരണം ട്രോഫി നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് നടുഭാഗം ചുണ്ടൻ വള്ളസമിതി സബ് കളക്ടറുടെ ഓഫീസിൽ പരാതി നൽകിയത്. ഫൈനൽ മത്സരത്തിന് മുമ്പ് ഒഫീഷ്യൽ ബോട്ട് ട്രാക്കിൽ കയറ്റിയതിനാൽ തയ്യാറെടുപ്പായില്ലെന്ന് തുഴച്ചിലുകാർ തുഴ ഉയർത്തി കാണിച്ചിട്ടും ചീഫ് സ്റ്റാർട്ടർ അവഗണിച്ച് മത്സരം ആരംഭിച്ചു. തുല്യസ്റ്റാർട്ടിംഗ് ആയിരുന്നെങ്കിൽ ഒന്നാമതെത്തുമായിരുന്നു. മത്സരം റദ്ദ് ചെയ്യുകയോ തുല്യ ജേതാക്കളായി പ്രഖ്യാപിക്കുകയോ വേണം. ഉചിതമായ തിരുമാനം ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചുണ്ടൻവള്ള സമിതി ഭാരവാഹികളായ സെക്രട്ടറി ജോണി എം.ജോർജ്ജ്,രക്ഷാധികാരി വി.പി.നാരായണൻകുട്ടി എന്നിവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |