ചേർപ്പ്: തിരുവുള്ളക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ പരിപാടികൾ മൂന്നിന് ആരംഭിക്കും. വൈകിട്ട് ആറരയ്ക്ക് ആഘോഷ പരിപാടികൾ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. വിദ്യാരംഭ ദിവസമായ 13ന് പുലർച്ചെ നാല് മുതൽ ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ആരംഭിക്കും. തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധരൻ വാരിയരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകും.
ഉച്ചയ്ക്ക് നട അടച്ച ശേഷം വൈകിട്ടും എഴുത്തിനിരുത്തൽ തുടരും. വിജയദശമി ദിവസം ഒഴികെയുള്ള ദിവസങ്ങളിൽ ക്ഷേത്രക്കുളത്തിന് സമീപം പുതുതായി വാങ്ങിയ ക്ഷേത്രം സ്ഥലത്ത് പാർക്കിംഗ് സംവിധാനവും വിദ്യാരംഭ ദിവസം ചേർപ്പ് ഗവ. ഹൈസ്‌കൂൾ, ഖാദി പരിസരം, എം.കെ ടിമ്പേഴ്‌സ്, പൂച്ചിന്നിപ്പാടം ഡ്രൈവിംഗ് പരിശീലന കേന്ദ്രം എന്നിവിടങ്ങളിൽ പാർക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂർക്കഞ്ചേരിയിൽ നവരാത്രി ആഘോഷം
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളും വിദ്യാരംഭവും വിദ്യാരാജഗോപാല മന്ത്രാർച്ചനയും ഒക്‌ടോബർ പത്ത് മുതൽ 13 വരെ നടക്കും. പത്തിനാണ് പൂജവയ്പ്. വെള്ളിയാഴ്ച മഹാനവമി അർച്ചനയും ശനിയാഴ്ച ആയുധപൂജയും സരസ്വതിപൂജയും നടക്കും. ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും രാവിലെ എട്ടരമുതൽ മേൽശാന്തി വി.കെ. രമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചനയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |