മഞ്ചേരി: ഉദ്യോഗസ്ഥതലത്തിൽ നൽകിയ തെറ്റായ വിവരത്തെത്തുടർന്ന് മഞ്ചേരി,നറുകര വില്ലേജുകളിൽ ഇരട്ടിയിലധികമായി നിശ്ചയിച്ചിരുന്ന ഭൂമിയുടെ ന്യായവില നിയമപോരാട്ടത്തിനൊടുവിൽ പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി.സർക്കാരിന്റെ നിർദ്ദേശങ്ങളൊന്നുമില്ലാതെ 2022ൽ ജില്ലാ രജിസ്ട്രാർ ഇറക്കിയ ഉത്തരവ്മാ പ്രകാരമാണ് 200 ശതമാനം വരെ ന്യായവില നിർണയിച്ച് ഫീസുകളും മുദ്രപത്രവിലയും വൻതോതിൽ ഈടാക്കി വന്നിരുന്നത്.
2019 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം മഞ്ചേരി,നറുകര വില്ലേജുകളിൽ നിശ്ചയിച്ച ന്യായവിലയുടെ 60 ശതമാനം വർദ്ധനവ് മാത്രം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്. 2010ൽ വിശദമായ പരിശോധനകളില്ലാതെ ഉദ്യോഗസ്ഥർ തെറ്റായി തീരുമാനിച്ച ഭൂമിയുടെ ന്യായവിലക്കൊപ്പം സർക്കാർ കാലാകാലങ്ങളിൽ വരുത്തുന്ന വർദ്ധനവും ചേർത്ത് 2022 ഫെബ്രുവരി മുതൽ 200 ശതമാനം അധികവില മഞ്ചേരി, നറുകര വില്ലേജുകളിലുള്ളവർക്ക് ബാധകമാക്കിയത്. മറ്റു വില്ലേജുകളിൽ ഒരു സെന്റിന് ആധാരം രജിസ്റ്റർ ചെയ്യാൻ 5000 രൂപ വരെ പരമാവധി ഫീസ് വേണ്ടിടത്ത് മഞ്ചേരി,നറുകര വില്ലേജുകളിലുള്ളവർ ഒരു സെന്റ് സ്ഥലം രജിസ്റ്റർ ചെയ്യാൻ 25,000 മുതൽ 35,000 രൂപ വരെ ഫീസ് നൽകേണ്ട അവസ്ഥയുണ്ടായി.സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ പകുതി സംഖ്യ പോലും ഉടമക്ക് സ്ഥലവിലയായി കിട്ടിയില്ല. കുന്നിൻപ്രദേശങ്ങളും വഴിയില്ലാതെ സ്ഥലങ്ങളുമൊക്കെ ക്രയവിക്രയം നടത്താനാകാതെ സാധാരണക്കാരും പാവപ്പെട്ടവരുംവലഞ്ഞു. ഇതിനെതിരെ വ്യാപകപ്രതിഷേധമുയർന്നിരുന്നു.
നിയമപോരാട്ടം
വിഷയത്തിൽ സാമൂഹ്യ പ്രവർത്തകൻ കൂടിയായ അഡ്വ.എൻ.കെ.യഹ്യ 2014ൽ ഹൈക്കോടതിയെ സമീപിച്ചു. 2010ൽ ന്യായ വില നിശ്ചയിച്ചതിൽ ഉദ്യോഗസ്ഥരുടെ പിഴവ് ഹൈക്കോടതി കണ്ടെത്തി. 2017 ൽ ന്യായവില പുനർനിർണയിക്കാൻ കോടതി ഉത്തരവിട്ടു. തുടർന്ന് 2019ലാണ് അപാകത പരിഹരിച്ച് ന്യായവില ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. അതുപ്രകാരം ആക്ഷേപങ്ങളില്ലാതെ രജിസ്‌ട്രേഷൻ നടക്കുമ്പോൾ 2022 ഫെബ്രുവരി 16ന് മലപ്പുറം രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവോടെ വീണ്ടും അന്യായവില മഞ്ചേരി സബ് രജിസ്ട്രാർ ഈടാക്കിവന്നു.ഈ ഉത്തരവിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടനുസരിച്ച് പുതിയ ന്യായവില സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |