ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് നടത്തിയ സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക്ക് അടക്കം 125 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിയെ ചൊല്ലി ലഡാക്കിൽ വൻ പ്രതിഷേധമുണ്ടായി. സോനത്തെ തടഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ലഡാക്കിൽ നിന്നുള്ള 125 സഹ പ്രതിഷേധക്കാർക്കൊപ്പം ഡൽഹി ചലോ മാർച്ച് നടത്തിയ വാങ്‌ചുക്കിനെ ഡൽഹിയിലെ സിംഗു അതിർത്തിയിൽ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നിരോധനാജ്ഞയുണ്ടെന്നും തിരിച്ചുപോകണമെന്നും പൊലീസ് പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടർന്ന് കസ്റ്റഡിയിലെടുത്തത് ഡൽഹി-ഹരിയാന അതിർത്തിയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി. ഇന്ന് രാജ്ഘട്ടിൽ സമാപിക്കുന്ന തരത്തിലായിരുന്നു മാർച്ച്.
ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ ഉൾപ്പെടുത്തൽ, പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ, ലേയ്ക്കും കാർഗിലിനും പ്രത്യേക ലോക്‌സഭാ സീറ്റുകൾ എന്നീ ആവശ്യങ്ങളുമായാണ് മാർച്ച് നടത്തിയത്. ലേയിൽ നൂറുകണക്കിന് ആളുകൾ സോനത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി. മോചനം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി വന്നിട്ടുണ്ട്.
പാരിസ്ഥിതികവും ഭരണഘടനാപരവുമായ അവകാശങ്ങൾക്കായി സമാധാനപരമായി പ്രകടനം നടത്തിയവരെ തടഞ്ഞത് അംഗീകരിക്കാനാവില്ല. കർഷകരെപ്പോലെ ഇവരും സർക്കാരിന്റെ ചക്രവ്യൂഹം തകർക്കും. മോദിയുടെ ധാർഷ്ട്യവും ഇല്ലാതാകും. ലഡാക്കിന്റെ ഭാവിക്കായി പ്രവർത്തിക്കുന്ന പ്രായമായ പൗരന്മാരെ തടവിലിടുന്നത് എന്തിനാണ്. ലഡാക്കിന്റെ ശബ്‌ദം അവഗണിക്കാനാകില്ല
-രാഹുൽ ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |