ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ചയാണ് നമ്മുടെ ജീവിതത്തെ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്ന്. മനുഷ്യൻ ഏറ്റവും കൂടുതൽ മൂല്യം കല്പിക്കുന്ന വസ്തു സാധാരണ രീതിയിൽ പണമാണ്. ആ പണം ചായകുടിച്ചതിനുശേഷം ഫോണിലൂടെ നൽകാനാവുമെന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഒരു ഓഫീസിൽ പോകാതെ ആ ഓഫീസുമായി ബന്ധപ്പെട്ട രേഖ ഒരു കമ്പ്യൂട്ടർ കടയിൽനിന്ന് കിട്ടുമെന്നും ചിന്തിക്കാനാവുമായിരുന്നില്ല. അക്ഷയ സെന്ററുകൾവഴി ഇന്ന് എത്രയോ പേരാണ് ഒരു ഓഫീസിലും കയറിയിറങ്ങാതെ സേവനങ്ങൾ നേടുന്നത്! പഴയ കാലത്ത് ട്രാൻസ്‌പോർട്ട് ബസ്സിൽ സഞ്ചരിച്ചിട്ടുള്ളവർക്കെല്ലാം ബോദ്ധ്യമുള്ള കാര്യമാണ്, ചില്ലറയുടെ പേരിലുള്ള തർക്കവും വഴക്കും. ഒറ്റയടിക്ക് ഡിജിറ്റൽ പേമെന്റ് വഴി ഇത് പരിഹരിക്കാനാവും. പക്ഷേ വൈകിയാണ് ഇപ്പോഴും ഇത് ബസ്സുകളിൽ നടപ്പാക്കിയത്.
സിഫ്ട് ബസ്സുകളിൽ മാത്രമാണ് ടിക്കറ്റ് മെഷീനിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ സൗകര്യമുള്ളത്. മറ്റു ബസ്സുകളിലും ഈ സൗകര്യം ഉടൻ വരുമെന്നാണ് വകുപ്പ് പറയുന്നത്. രാജ്യമാകെയുള്ള ചായക്കടകളിൽ വരെ ഇത്തരം പേമെന്റ് സൗകര്യം വരാമെങ്കിൽ ബസ്സിലും മറ്റും പൂർണമായി ഇത് വരാൻ വൈകുന്നത് സർക്കാരിനു കീഴിലുള്ള കോർപ്പറേഷന്റെ ഉടമസ്ഥതയിൽ നടക്കുന്ന സ്ഥാപനമായതുകൊണ്ട് മാത്രമാണ്. ട്രാഫിക് ലംഘനങ്ങൾക്ക് ഫൈനടിക്കാൻ പൊലീസുകാരൻ നിയമലംഘനം കാണണമെന്നു പോലുമില്ല. അതുപോലെ തന്നെ, ഫൈനടയ്ക്കാൻ ഒരു ഓഫീസിലും പോയി നിൽക്കേണ്ട കാര്യവുമില്ല. ഫോണിലൂടെ എല്ലാം നടക്കുന്നു. ഇത്തരമൊരു കാലത്ത് അച്ചടി നടക്കാത്തതുകൊണ്ട് ആർ.സി ബുക്കും ലൈസൻസും നൽകാൻ വൈകുന്നു എന്ന വാർത്തയ്ക്ക് യാതൊരു പ്രസക്തിയുമില്ല. അത് ഡിജിറ്റലായി നൽകിയാൽ ഒറ്റയടിക്ക് പരിഹരിക്കാനാവുന്ന കാര്യമാണ്.
പക്ഷേ ആ വഴിക്ക് ഇതുവരെ ട്രാൻസ്‌പോർട്ട് വകുപ്പ് ചിന്തിച്ചിരുന്നില്ല. പണം കിട്ടാത്തതുകൊണ്ട് കരാർ കമ്പനി അച്ചടി നിറുത്തിവച്ചത് വാർത്തയാവുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇത് ഒരർത്ഥത്തിൽ നന്നായി എന്നു വേണം കരുതാൻ. അതിനാൽ ആർ.സി ബുക്കും ലൈസൻസും മറ്റും ഡിജിറ്റലായി നൽകാനുള്ള തീരുമാനമെടുക്കാൻ ട്രാൻസ്‌പോർട്ട് വകുപ്പ് നിർബന്ധിതമായി. ഇനിമുതൽ ഇത് മൊബൈൽ ഫോണിൽ ലഭ്യമാക്കാനാണ് തീരുമാനം. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് ഡിജിറ്റൽ ലൈസൻസിന്റെ ക്യുആർ കോഡുള്ള ഭാഗം പ്രിന്റ് ചെയ്ത് കൈവശം വച്ചാൽ മതി. ഇതിന്റെ അച്ചടി ഇനത്തിൽ എത്രകോടി രൂപയാവും ലാഭിക്കാനാവുക! സംസ്ഥാനത്ത് അഞ്ചുലക്ഷം ആർ.സിയും 1.30 ലക്ഷം ഡ്രൈവിംഗ് ലൈസൻസും അച്ചടി പ്രതിസന്ധിമൂലം നൽകാനുണ്ട്.
ആറുവർഷം മുമ്പേ കേന്ദ്രം ഡിജിറ്റൽ പ്രിന്റ് നൽകിയിരുന്നെങ്കിലും സംസ്ഥാനത്ത് കാർഡ് അച്ചടി നിർബന്ധമായിരുന്നു. ആവശ്യമുള്ളവർക്ക് കാർഡ് നൽകാൻ സ്വന്തം നിലയ്ക്ക് അച്ചടി ആരംഭിക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ഡിജിറ്റലായി കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ലൈസൻസ് മൊബൈലിൽ നൽകാനാകും. കാർഡ് നഷ്ടപ്പെടുമെന്ന ആശങ്ക എന്നെന്നേക്കുമായി ഒഴിവാകുകയും ചെയ്യും. ഇതുപോലെ സർട്ടിഫിക്കറ്റുകൾ നൽകുന്ന മറ്റു വകുപ്പുകളും പൂർണമായി ഡിജിറ്റലിലേക്ക് മാറേണ്ടതാണ്. ഭാഗികമായി മാത്രമാണ് ഇത് ഇപ്പോഴും നടപ്പായിട്ടുള്ളത്. കാലം മാറുന്നതിനനുസരിച്ച് സർക്കാരും സർക്കാരിന്റെ സേവനങ്ങളും മാറേണ്ടതാണ്.
എന്തായാലും അച്ചടി പ്രതിസന്ധി എന്ന ഉർവ്വശീശാപം ഒടുവിൽ ജനങ്ങൾക്ക് ഉപകാരമാകുന്ന നടപടിക്ക് ഇടയാക്കിയത് നല്ല കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |