ദുബായ്: പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച് ദുബായ്. ശൈത്യകാലം വരാറായതോടെ ബുർജ് ഖലീഫ, ജുമൈറ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ പദ്ധതിയിട്ടു കഴിഞ്ഞിട്ടുണ്ടാകും, എന്നാൽ, ഇറാൻ - ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഏത് നിമിഷവും ആക്രമണം ഉണ്ടാകാവുന്ന അവസ്ഥയാണെന്ന് യുകെ അവരുടെ പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ദശലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന എമിറേറ്റായതിനാൽ ഭീകരവാദികൾ ദുബായ് ലക്ഷ്യമിടാനുള്ള സാദ്ധ്യത കൂടുതലാണ്.
ഈജിപ്ത്, മൊറോക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ടുണീഷ്യ, ഖത്തർ, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ അപകട സാദ്ധ്യതയുണ്ടെന്നാണ് യുകെയിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) നൽകിയ നിർദേശം. സ്ഥിതിഗതികൾ അതവേഗം മറിക്കൊണ്ടിരിക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള യാത്ര കരുതി വേണമെന്നും നിർദേശം നൽകി.
ചെങ്കടലിലെ അന്താരാഷ്‌ട്ര കപ്പൽ ഗതാഗതം തടയാൻ ഹൂതി തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ സൈനിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ, യാത്ര സുരക്ഷിതമായിരിക്കുമെന്ന് പറയാൻ കഴിയില്ല. നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാം പാലിക്കുക. വനിതകൾ, വൈകല്യമുള്ളവർ, എൽജിബിടിക്യു തുടങ്ങിയ വിഭാഗങ്ങൾക്കായി പ്രത്യേകം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരും സാഹസിക യാത്രകൾ നടത്തുന്നവരും ഈ നിർദേശങ്ങൾ വായിച്ചശേഷം മാത്രം യാത്ര ചെയ്യുക എന്നും എഫ്‌സിഡിഒ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും എഫ്‌സിഡിഒ പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |