തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവർണർ ദേശവിരുദ്ധൻ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ മുഖ്യമന്ത്രി സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
'സ്വർണക്കടത്ത് പോലുള്ളവ രാജ്യ വിരുദ്ധ പ്രവർത്തനമാണ്. എന്തുകൊണ്ട് അതിനെക്കുറിച്ച് മുഖ്യമന്ത്രി എന്നോട് പറഞ്ഞില്ല. മൂന്ന് വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. ശ്രദ്ധയിൽപെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉടൻ അറിയിക്കണം. സർക്കാരിന്റെ ജോലി ചോദ്യം ചോദിക്കുകയല്ല. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇത് വളരെ ഗൗരവമായ കാര്യമാണ്. ഫോൺ ചോർത്തലിൽ സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് എനിക്ക് അറിയണം',- ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച്, സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം മറികടന്ന് എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നിലെന്താണ് എന്നത് കേരളജനതയോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിയേയും ഓഫീസിനെയും വെള്ളത്തിലാക്കാന്‍ കഴിയുന്നത്ര രഹസ്യ രേഖകള്‍ എഡിജിപി അജിത് കുമാറിന്റെ പക്കലുണ്ടെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് മാഫിയാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കുന്നതിനും വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നതിനും വേണ്ടി ബിജെപി - ആര്‍എസ്എസ് നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ ഡീലുകളുടെ ഇടനിലക്കാരനാണ് ഈ എഡിജിപി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കു വേണ്ടി പോലീസിനെ ഉപയോഗിച്ച് സ്വര്‍ണമാഫിയയെ നിയന്ത്രിക്കുന്നതും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ്.
എഡിജിപി ഇടപെട്ട കാര്യങ്ങളുടെ രേഖകള്‍ പുറത്തു വിട്ടാല്‍ മുഖ്യമന്ത്രി കുടുങ്ങും എന്നുറപ്പുള്ളതു കൊണ്ടാണ് എന്തു വിലകൊടുത്തും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ട് ഇപ്പോള്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അന്വേഷണം തീര്‍ന്നാല്‍ അടുത്ത അന്വേഷണം പ്രഖ്യാപിക്കും. അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കും വരെ അന്വേഷണം തുടരും. നടപടി എടുക്കുന്നത് വൈകിപ്പിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്'- ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |