സുൽത്താൻ ബത്തേരി: വീടിരിക്കുന്ന ഭാഗത്തുകൂടെ ഒരു റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് കണ്ടാണ് അമ്പുകുത്തി വലിയമൂല പ്രദേശത്തെ ജനങ്ങൾ റോഡിനായി സ്വന്തം സ്ഥലം വിട്ടു നൽകിയത്. 12 വർഷം മുമ്പ് സ്ഥലം നൽകിയെങ്കിലും ഇന്നുവരെ യാത്രായ്ക്ക് സൗകര്യപ്രഥമായ ഒരു റോഡ് യാഥാർത്ഥ്യമായില്ല. റോഡ് എന്ന പ്രദേശവാസികളുടെ സ്വപ്നം ഇപ്പോഴും സഫലമാകാതെ കിടക്കുകയാണ്. നെന്മേനി പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട പ്രദേശമാണ് അമ്പുകുത്തി വലിയമൂല നായ്ക്ക കോളനി റോഡ്. ഈ പാതയെ ആശ്രയിച്ച് അമ്പതോളം കുടുംബങ്ങളാണ് പ്രദേശത്ത് കഴിയുന്നത്. ഇവർക്ക് പുറംലോകത്ത് എത്താനുള്ള ഏക റോഡാണ് അമ്പുകുത്തി വലിയ മൂല മൺ റോഡ്. ഇതാണ് ഇപ്പോൾ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ചളിക്കുളമായി മാറിയിരിക്കുന്നത്. അമ്പുകുത്തി വലിയമൂല റോഡ് രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ്. വലിയമൂല നായ്ക്ക കോളനിയിലുള്ളവർക്കും പ്രദേശത്തെ മറ്റ് ആളുകൾക്കുമെല്ലാം പുറം ലോകത്തെത്താനുള്ള ഏക മാർഗവും ഇതാണ്. വലിയമൂല ഭാഗത്ത് നിന്ന് കുന്താണി, മഞ്ഞാടി ഭാഗത്തേയ്ക്ക് എത്താൻ എളുപ്പമാണെങ്കിലും സ്വകാര്യ എസ്റ്റേറ്റുകാരുടെ സ്ഥലത്ത് കൂടെ വേണം പോകാൻ. ഇതിന് എസ്റ്റേറ്റുകാർ അനുവാദിക്കുന്നുമില്ല. പുറം ലോകത്തെത്താൻ സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാൽ കഴിഞ്ഞ ദിവസം കോളനിയിൽ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹവും ചുമന്ന് ഗോത്ര നിവാസികൾ നടന്നത് രണ്ട് കിലോമീറ്റർ ദൂരമാണ്. പതിറ്റാണ്ടുകളായി ഇവർ അനുഭവിക്കുന്ന ദുരിതത്തിന്റെ ദയനീയ കാഴ്ചയായിരുന്നു ഇത്. 2017ൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ തുകയും വകയിരുത്തിയിരുന്നു. പക്ഷേ പിന്നീട് പാത നിർമ്മാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും മുന്നോട്ട് പോയില്ല. മഴക്കാലത്ത് പാത ചെളിക്കുളമാകുന്നതോടെ പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠനം പതിവായി മുടങ്ങുകയാണ്.
അമ്പുകുത്തി വലിയമൂല റോഡ്
വലിയമൂല നിവാസികൾ പ്രതിഷേധ
സമരവുമായി ഭരണ സിരാകേന്ദ്രങ്ങളിലേയ്ക്ക്
സുൽത്താൻ ബത്തേരി: അമ്പുകുത്തി വലിയമൂല കോളനി റോഡ് ഉടൻ നവീകരിച്ച് ഗതാഗത യോഗ്യമാക്കാത്ത പക്ഷം ഭരണ സിരാകേന്ദ്രങ്ങളിലേയ്ക്ക് സമരം നടത്തുമെന്ന് അമ്പുകുത്തി വലിയമൂല ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. കാൽനട യാത്ര പോലും ദുസഹമായ തീർന്ന അമ്പുകുത്തി വലിയ മൂല റോഡ് നവീകരിച്ച് വാഹനഗതാതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണയാണ് അധികാരികൾക്ക് പരാതി നൽകിയത്. കഴിഞ്ഞ 12 വർഷമായി പ്രദേശവാസികൾ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. പ്രദേശത്തെ ആർക്കെങ്കിലും അസുഖം പിടിപ്പെട്ടാൽ തന്നെ കിലോമീറ്ററുകൾ രോഗിയെ ചുമലിലേറ്റി വേണം ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിന് വാഹന സൗകര്യമുള്ള സ്ഥലത്ത് എത്താൻ. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വേനൽക്കാലത്ത് തന്നെ യാത്ര ദുസഹമാണ്. മഴ പെയ്യുന്നതോടെ റോഡ് ചളിക്കുളമാക്കുന്നു. മഴക്കാലമാകുന്നതോടെ മേഖലയിലെ കുട്ടികൾ സ്‌കൂളിലും കോളേജിലുമെത്താൻ കഴിയാതെ പഠനം നിർത്തുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയായി മേഖലയിലെ ജനങ്ങൾ അധികൃതരെ സമിപിക്കാൻ തുടങ്ങിയിട്ട്. റോഡ് നവീകരണം നടത്താൻ അധികൃതർ ഇനിയും തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ഭരണസിരാകേന്രങ്ങൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഹരിദാസൻ, സി. രാജൻ, ഊരുമൂപ്പൻ കുള്ളൻ, മീനാക്ഷി, അഞ്ജു, അനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |