ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ സാമന്ത- നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ വൻ പ്രതിഷേധം. ഇരവരുടെയും വിവാഹമോചനത്തിനുള്ള കാരണം ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു (കെ.ടി.ആർ) ആണെന്നായിരുന്നു പ്രസ്താവന. വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞ് രംഗത്തെത്തി. വേദനിപ്പിച്ചതിൽ മാപ്പ്. കെ.ടി.ആർ എങ്ങനെയെന്ന് പറയുക മാത്രമായിരുന്നു ഉദ്ദേശ്യം. വിഷമം ആയെങ്കിൽ പരാമർശം പിൻവലിക്കുകയാണെന്നും പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സാമന്തയും നാഗചൈതന്യയും പ്രതികരിച്ചു. സിനിമാ രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേർ പ്രതിഷേധം അറിയിച്ചു. നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന അക്കിനേനി മന്ത്രിക്കെതിരെ അപകീർത്തി കേസ് നൽകി. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടണമെന്നും സുരേഖയെക്കൊണ്ട് മാപ്പു പറയിക്കണമെന്നും നാഗാർജുനയുടെ ഭാര്യ അമല ആവശ്യപ്പെട്ടു.
ലഹരിമരുന്ന് മാഫിയ
സുരേഖ പറഞ്ഞതിലെ പ്രസക്തഭാഗം ഇങ്ങനെ:
'ലഹരിമരുന്ന് മാഫിയയാണ് കെ.ടി.ആർ. സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും അദ്ദേഹം ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. സിനിമാതാരങ്ങളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്നു.
ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ പല താരങ്ങളും അഭിനയം നിറുത്തി. കെ.ടി.ആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സാമന്തയെ അയയ്ക്കാൻ നാഗാർജുനയോടു പറഞ്ഞു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവൻഷൻ സെന്റർ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാഗാർജുന നാഗചൈതന്യയോട് ആവശ്യം പറഞ്ഞു. സാമന്ത വിസമ്മതിച്ചു. ഇതാണ് വിവാഹമോചനത്തിന് കാരണം."
രാഷ്ട്രീയലാഭങ്ങൾക്കുവേണ്ടി തന്നെ കരുവാക്കരുത്. വേർപിരിയൽ തീർത്തും വ്യക്തിപരമാണ്. അതിൽ അനാവശ്യ വായനകൾ നടത്തരുത്. പരസ്പര സമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞത്. അതിൽ രാഷ്ട്രീയമില്ല. സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണ്. അങ്ങനെയുള്ള തന്റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വമുണ്ടായിരിക്കണം. -
-സാമന്ത
ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഇത്തരമൊരു പരമാർശം നടത്തരുത്. വാസ്തവവിരുദ്ധമായി പ്രസ്താവന.
വിവാഹമോചനം എളുപ്പമായ ഒന്നല്ല. വളരെ വേദന നിറഞ്ഞ, നിർഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ ഞങ്ങൾ ചേർന്നെടുത്ത തീരുമാനമാണത്. വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങൾക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തിൽ രണ്ടു പ്രായപൂർത്തിയായ ആളുകൾ എടുത്ത തീരുമാനം. അതിന്റെ പേരിൽ വാസ്തവവിരുദ്ധമായ പല കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുൻ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതു കൊണ്ടാണ് ഒന്നും പ്രതികരിക്കാതിരുന്നത്.
എന്നാൽ ഇപ്പോൾ മന്ത്രി നടത്തിയ പരമാർശം അങ്ങേയറ്റം ആക്ഷേപകരവുമാണ്. സ്ത്രീകൾ ബഹുമാനവും പിന്തുണയും അർഹിക്കുന്നവരാണ്. മാദ്ധ്യമശ്രദ്ധയ്ക്കു വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് നാണക്കേടാണ്
- നാഗചൈതന്യ
വ്യക്തിജീവിതം രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നത് തരംതാഴ്ന്ന പരിപാടിയാണ്. സ്വകാര്യതയെ ബഹുമാനിക്കുകയും മാന്യത പുലർത്തുകയും വേണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഹൃദയവേദനയുണ്ടാക്കുന്നു. അതുകേട്ട് ഞങ്ങൾ വെറുതേയിരിക്കില്ല. ഇത്തരം കാര്യങ്ങളെ അതിജീവിച്ച് പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകും. ഇത്തരം നിലപാടുകൾ ജനാധിപത്യ ഇന്ത്യയിലെ സമൂഹം സാമാന്യവത്കരിക്കില്ലെന്ന് ഉറപ്പുവരുത്തും
-ജൂനിയർ എൻ.ടി.ആർ
പ്രശസ്തി തേടുന്നവർ മാത്രമാണ് ഇത്തരത്തിൽ സംസാരിക്കുകയെന്നായിരുന്നു ഞാൻ കരുതിയത്. സ്ത്രീത്വത്തെ അപമാനിച്ചു. നിങ്ങൾക്ക് ചില മൂല്യങ്ങളുണ്ടെന്നു കരുതുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്റെ വ്യവസായമേഖലയ്‌ക്കെതിരെ ഉന്നയിക്കരുത്.മാപ്പ് പറഞ്ഞേ തീരൂ
-ഖുശ്ബു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |