തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ തലസ്ഥാനത്തെ രാഷ്ട്രീയ പിരിമുറക്കങ്ങൾ ഇന്നലെ ചിരിയിലും നെടുവീർപ്പിലുമലിഞ്ഞു ചേർന്നു. സി.പി.ഐ, സി.പി.എം നേതൃയോഗങ്ങൾക്കും, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനും പുറമേ മന്ത്രി മാറ്റം സംബന്ധിച്ച് എൻ.സി.പി നേതാക്കളുടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയും ചൂടേറിയ രാഷ്ട്രീയ കാലാവസ്ഥയ്ക്കാണ് വഴി വച്ചത്.
വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിൽ മൈക്കിന്റെ ചെറിയ തകരാറ് കൊണ്ട് മുഖ്യമന്ത്രി പറയുന്നത് കേൾക്കുന്നില്ലെന്നായി മാദ്ധ്യമപ്രവർത്തകർ. മൈക്കിടൽ സ്പർശിച്ചും തട്ടിയും നോക്കിയ ശേഷം ഈ മൈക്ക് എന്നോട് എപ്പോഴും ഇങ്ങനെയാണല്ലോ എന്ന മുഖ്യമന്ത്രിയുടെ കമന്റിൽ ചിരിയോടെയാണ് വാർത്താസേമ്മളനം തുടങ്ങിയത്. ഇടയ്ക്ക് ഒച്ചയുയർന്നെങ്കിലും അക്ഷരാർത്ഥത്തിൽ അതേ ചിരി മുഖ്യമന്ത്രി അവസാനം വരെ നിലനിറുത്തി. പതിവിന് വിപരീതമായി പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി ചിരിയിലൊതുക്കി.
വൈകിട്ട് മൂന്നരയോടെ മന്ത്രിമാറ്റ ചർച്ചകൾക്കായി എൻ.സി.പി നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചെങ്കിലും കുറച്ചുകൂടി കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം തോമസ്.കെ.തോമസിന്റെ ആഗ്രഹം നെടുവീർപ്പിലൊതുക്കി. തുടർന്ന് സഭാ സമ്മേളനത്തിന്റെ ശംഖൊലി മുഴക്കി സ്പീക്കർ എ.എൻ ഷംസീറിന്റെ വാർത്താസമ്മേളനം. തൊട്ടു പിന്നാലെ പി.വി അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ കത്തു നൽകുമ്പോഴും രാഷ്ട്രീയ ചർച്ചകൾക്ക് വിരാമമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |