ശ്രദ്ധേയമായ ഒരു നാടകവും എഴുതിയിട്ടില്ല, അഭിനയിക്കുമെങ്കിലും പ്രഗത്ഭനായ നടനെന്ന് പേരു പതിഞ്ഞിട്ടില്ല! പാട്ടും സംഗീതവും അറിയാമെങ്കിലും സംഗീതജ്ഞനുമായില്ല. മേക്കപ്പിലും രംഗപടങ്ങളിലും നൃത്തത്തിലുമെന്നുവേണ്ട, നാടകവുമായി ബന്ധപ്പെട്ട സകല മേഖലകളിലും വാസനാജ്ഞാനം തുന്നിച്ചേർത്തൊരു കിരീടമാണ് കെ.എം. ധർമ്മൻ എന്ന കലാകാരൻ സ്വന്തം ശിരസിൽ അണിഞ്ഞത്. നാടക വ്യാഖ്യാതാവിന്റെയും നിർദ്ദേശകന്റെയും സംവിധായകന്റെയും വേഷം! ആ വേഷം ധർമ്മൻ നിസ്തുലമായി നിറവേറ്റി. മലയാളത്തിലെ മുഖ്യധാരാ നാടകങ്ങൾ എന്ന പ്രൊഫഷണൽ നാടകങ്ങളുടെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറി. നാനൂറിലേറെ നാടകങ്ങളാണ് നിരവധി സമിതികൾക്കുവേണ്ടി കെ.എം. ധർമ്മൻസംവിധാനം ചെയ്തത്!
ഇങ്ങനെയൊരു കലാമാന്ത്രികനെ മലയാള നാടകവേദി മുമ്പ് കണ്ടിട്ടില്ല. എഴുതിക്കിട്ടുന്ന നാടക സാഹിത്യത്തിന് മറ്റൊരു മാനം സൃഷ്ടിക്കുന്ന രംഗഭാഷ ഒരുക്കാൻ അറിവും കഴിവും ഭാവനയും നിരീക്ഷണവും അനുഭവങ്ങളും വേണം. ഇതെല്ലാം ഒരു പോലെ സമ്മേളിപ്പിക്കാൻ ധർമ്മന് പ്രയാസമുണ്ടായിരുന്നില്ല. നാടകത്തിലും ജീവിതത്തിലുമായി ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ച ധർമ്മന് നവതി പിന്നിട്ടിരിക്കുന്നു. ജീവിതസായാഹ്നത്തിലും കർമ്മനിരതനായ ഈ കലോപാസകൻ 1933 ആഗസ്റ്റ് 16 ന് പശ്ചിമകൊച്ചിയിലെ പള്ളുരുത്തിയിലാണ് ജനിച്ചത്. ഗായകനായ കൊല്ലാപറമ്പിൽ മാധവന്റെയും പത്മിനിയുടെയും ഏഴുമക്കളിൽ ഒരാൾ. മക്കളിൽ പലരും പ്രശസ്ത കലാകാരന്മാർ.
കൊച്ചിയുടെ കാറ്റിൽ സംഗീതം തുളുമ്പിയിരുന്ന കാലം. അഗസ്റ്റിൻ ജോസഫും യേശുദാസും പി.ജെ. ആന്റണിയും മണവാളൻ ജോസഫും മുത്തയ്യയും എഡ്ഡിയും, ബിയാട്രീസും മാത്രമല്ല, മെഹബൂബിനെപ്പോലുളള പാട്ടുകാരും എം.കെ. അർജ്ജുനനെപ്പോലെയുള്ള സംഗീതജ്ഞരും ഉമ്പായിയെപ്പോലുള്ള ഗസൽ ഗായകരും പിറന്ന വിശാലകൊച്ചിയും പള്ളരുത്തിയുമൊക്കെ കെ.എം. ധർമ്മന്റെ കലാജീവിതത്തിന്റെ നിത്യപ്രചോദനങ്ങളായിരുന്നു. അവരുടെ സംസ്കാരമുദ്രകൾ പിന്തുടർന്ന് സ്കൂൾ കാലഘട്ടം മുതൽ ധർമ്മൻ നാടകകലയിൽ ആകൃഷ്ടനായിരുന്നു. ഏകാഭിനയത്തിലും സ്കിറ്റിലും ആരംഭിച്ച ആ നാടക പ്രണയം 'ജീവിതം" എന്ന മുഴുനീളെ നാടകത്തിലെ യാചകന്റെ വേഷത്തോടെ ശ്രദ്ധേയമായി.
തുടർന്ന്, പി.ജെ.ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബുമായി പരിചയപ്പെട്ടു. 1950 മുതൽ ധർമ്മൻ പി.ജെ.ആന്റണിയുടെ ശിഷ്യനായി. ആന്റണിയുടെ തലയോടും ചെരിപ്പും, വിമോചനം, ഞങ്ങളുടെ ഭരണം വരേണമേ, ദൈവവും മനുഷ്യനും തുടങ്ങിയ നാടകങ്ങളിൽ അപ്രധാനമല്ലാത്ത വേഷങ്ങൾ കെട്ടി. നാടകകലയിൽ കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായ ആ ജീനിയസിന്റെ ശിക്ഷണത്തിലൂടെ സമർത്ഥനായി മാറി. ആന്റണിയെ ഗുരുസ്ഥാനത്ത് നിറുത്തി ഏതാനും നാടകങ്ങൾ സംവിധാനം ചെയ്യാനും ശ്രമിച്ചു. അതെല്ലാം വൻവിജയമായിരുന്നുവെന്നതിന്റെ തെളിവാണ് അഭിനയപ്രതിഭയായിരുന്ന ചാച്ചപ്പന്റെ അംഗീകാരം!
ഗീഥയുടെ
പാതയിലൂടെ
ചാച്ചപ്പൻ എന്ന യുവാവ് ചങ്ങനാശ്ശേരിയിൽ ഗീഥ ആർട്സ് ക്ലബ്ബ് ആരംഭിച്ച് പ്രശസ്തമാക്കിയതിനു പിന്നാലെയാണ് ധർമ്മനെ അദ്ദേഹം സഹായിയായി കൂട്ടിയത്. ചാച്ചപ്പൻ ധർമ്മനെ അന്വേഷിച്ചെത്തുമ്പോൾ അദ്ദേഹം 'ഏഴുരാത്രികൾ" പിന്നിട്ട് 'ലഹരി"യോളമെത്തിയിരുന്നു. ചാച്ചപ്പന്റെ ഉദാരമായ ക്ഷണം സ്വീകരിച്ച് ധർമ്മൻ ചങ്ങനാശ്ശേരിയിലെത്തി. അന്നുമുതൽ ധർമ്മൻ ചാച്ചപ്പന്റെ അസി. ഡയറക്ടറായി. 'ധർമ്മീ"യെന്ന് സ്നേഹപുരസരം വിളിക്കുന്ന ചാച്ചപ്പന്റെ ട്രൂപ്പ് ലീഡറായി . ലീഡർക്ക് ട്രൂപ്പിന്റെ സകല ചുമതലകളും ഉടമ അനുവദിച്ചുകൊടുത്തു. ഏറ്റെടുക്കാൻ എളുപ്പമായിരുന്നെങ്കിലും നിസാരമായിരുന്നില്ല ധർമ്മനു കിട്ടിയ പദവിയും ചുമതലയും. സംവിധായകൻ എന്ന സ്ഥാനം ആ നാടകശില്പിക്ക് കിട്ടിയില്ലെങ്കിലും, സംവിധായകനെക്കാൾ ഉത്തരവാദിത്വം അയാൾക്കുണ്ടായിരുന്നു.
കയ്യിൽ കിട്ടുന്ന സ്ക്രിപ്റ്റ് വേണ്ടവിധം പാകപ്പെടുത്തുന്നതിൽ മാത്രമല്ല, കഥാപാത്രങ്ങൾക്ക് അനുസൃതമായ നടീനടന്മാരെ കണ്ടെത്താനും, അവരുടെ സ്വഭാവദൂഷ്യങ്ങൾ ക്യാമ്പിൽ ഒത്തുപോകുന്നവിധം സഹകരിപ്പിക്കാനും അയാൾ ചുമതലപ്പെട്ടവനായി, മാത്രമല്ല, ചില സന്ദർഭങ്ങളിൽ അഭിനയിച്ചു കാണിച്ചുക്കൊടുക്കുക, കോമഡികൾ അടക്കമുള്ള മുഹൂർത്തങ്ങൾ സൃഷ്ടിക്കുക, വെളിച്ച ക്രമീകരണം, രംഗപടം, പശ്ചാത്തല സംഗീതം, നൃത്തം എന്നിവയിലെ ന്യൂനതകൾ പരിഷ്കരിക്കുക (ഗീഥാ നാടകങ്ങളിലെ വിസ്മയകരമായ ലൈറ്റിംഗിന്റെ ക്രെഡിറ്റ് സത്യത്തിൽ ധർമ്മന്റേതാണ്), കലാമൂല്യത്തിലും നവീനതയിലും വാണിജ്യവിജയത്തിലും നാടകത്തെ പ്രഥമസ്ഥാനത്തെത്തിക്കുക എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങൾ ഭദ്രമായി നിറവേറ്റി, ധർമ്മൻ.
ഗീഥയിൽ സഹസംവിധായകനായിരിക്കുമ്പോൾത്തന്നെ മറ്റു ചില ട്രൂപ്പുകളുടെ നാടകങ്ങൾ ധർമ്മൻ സംവിധാനം ചെയ്തു. അതിൽ ചാച്ചപ്പന് വിരോധമുണ്ടായിരുന്നില്ല താനും. ചാച്ചപ്പന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഗീഥയുടെ സംവിധാനച്ചുമതല അപ്പാടെ ധർമ്മന്റെ മേൽനോട്ടത്തിലായി. 'ഗീഥ" പൂർണമായും അവസാനിച്ചപ്പോൾ ഒട്ടേറെ ട്രൂപ്പുകളുടെ നാടക സംവിധാന ചുമതല ധർമ്മനെ തേടിയെത്തി. കോട്ടയം നാഷണൽ, പൂഞ്ഞാർ നവധാര, കൊല്ലം ഉപാസന, കൊച്ചിൻ ഹരിശ്രീ, ആലപ്പുഴ മലയാള കലാഭവൻ, കൊല്ലം ചൈതന്യ തുടങ്ങി എൺപതിലധികം ട്രൂപ്പുകളിലെ നാടകങ്ങൾ പല വർഷങ്ങളിലായി അദ്ദേഹം സംവിധാനം ചെയ്തു! കഥയുടെ റിപ്പോർട്ടല്ല, അരങ്ങിലെ ഹൃദയസ്പർശിയായ കാഴ്ചയാണ് നാടകമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.
വിട്ടുവീഴ്ചയില്ലാത്ത
സമീപനം
സംവിധായക വേഷമാണിഞ്ഞാൽ അദ്ദേഹം തന്റെ ഗുരുവായ പി.ജെ. ആന്റണിയെപ്പോലെ കർശനക്കാരനാകും. നാടകത്തെ അതിന്റെ പരിപൂർണതയിലെത്തിച്ചേ പിൻവാങ്ങൂ. ഭിന്നസ്വഭാവികളായ സഹപ്രവർത്തകരെ ഒരുപോലെ ചേർത്തുപിടിക്കാൻ ധർമ്മനു കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്തിജീവിത മഹിമ കൊണ്ട് സാധ്യമായതാണ്. പി.ജെ. ആന്റണിയേയും ചാച്ചപ്പനേയും ഗുരുക്കന്മാരായി കാണുന്ന ധർമ്മന് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, ശങ്കരാടി, തിലകൻ, ശ്രീമൂലനഗരം വിജയൻ, ഗീഥാ സലാം, മരട് ജോസഫ്, അരവിന്ദാക്ഷ മേനോൻ, കെ.പി.എ.സി സുലോചന തുടങ്ങി നിരവധി അഭിനേതാക്കളുമായും പ്രൊഫഷണൽ നാടകകൃത്തുക്കളായ അഡ്വ. മണിലാൽ, രാജൻ കിഴക്കനേല, വെൺകുളം ജയകുമാർ, സി.കെ. ശശി, എൻ.എസ്. പ്രകാശ്, ത്രിവിക്രമൻപിളള തുടങ്ങിയ സാഹിത്യകാരന്മാരുമായും മറ്റും അടുപ്പവും സഹകരണവുമുണ്ടായിരുന്നു.
ഇടയ്ക്ക് സിനിമാക്കമ്പം കയറിയ ധർമ്മൻ ആദ്യകാലത്തെ ഏതാനും സിനിമകളിൽ വേഷമിട്ടു. പ്രേമരേഖ (1952) കാൽപ്പാടുകൾ, മുടിയനായപുത്രൻ, സ്വർഗരാജ്യം, നീലാകാശം തുടങ്ങിയവയാണ് ധർമ്മൻ അഭിനയിച്ച ചിത്രങ്ങൾ. മലയാറ്റൂർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ' ഒടുക്കം തുടക്ക"ത്തിന്റെ സഹസംവിധായക വേഷവും കെട്ടി. പക്ഷേ, നാടകമെന്ന ധർമ്മപത്നിയുടെ പിൻവിളിയിൽ സിനിമ എന്ന മായാജാലക്കാരിയെ ഉപേക്ഷിച്ചു. ജീവിതം പ്രൊഫഷണൽ നാടകത്തിനായി സമർപ്പിച്ച ധർമ്മനേ തേടി നിരവധി ബഹുമതികളും പുരസ്കാരങ്ങളുമെത്തി.
1984ൽ മികച്ച സംവിധായകനുള്ള കേരള സർക്കാർ അവാർഡും, 1999- ൽ കേരള സംഗീത നാടക അക്കാഡമി അവാർഡും, കേരള സർക്കാരിന്റെ എസ്.എൽ. പുരം നാടക പുരസ്കാരവും അടക്കം അമ്പതോളം അവാർഡുകളാണ് ധർമ്മനെ തേടിയെത്തിയത്. വാർദ്ധക്യത്തിലും കർമ്മനൈപുണ്യത്തോടെ പള്ളുരുത്തിയിലെ വീട്ടിൽ ഭാര്യ കോമളവല്ലിയോടും, ഏക പുത്രൻ പ്രദീപിനോടും മറ്റ് കുടുംബാംഗങ്ങളോടുമൊപ്പം ശുഭപ്രതീക്ഷയുടെ കൈവിളക്കുമായി കാലമെന്ന നാടകത്തെ കൗതുകപൂർവം നിരീക്ഷിച്ചു പഠിച്ചുകൊണ്ടേയിരിക്കുന്നു, അരങ്ങിന്റെ ഈ പെരുന്തച്ചൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |