തൃശൂർ : ആധുനിക നിലവാരത്തിലും കേരളീയ പൈതൃകം നിലനിറുത്തിയും പുതുക്കിപ്പണിയുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടും. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികളിലേക്ക് കടക്കും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
ഭൂരിഭാഗം ഭാഗങ്ങളും പൊളിച്ച ശേഷം പുനർനിർമ്മിക്കുമ്പോൾ, റെയിൽവേ സ്റ്റേഷനിലെ ചരിത്ര പശ്ചാത്തലമുള്ള ഭാഗങ്ങൾ നിലനിറുത്തിയേക്കും. രൂപരേഖയിൽ തീരുമാനമായതോടെയാണ് എത്രയും വേഗം നിർമ്മാണ നടപടികളിലേക്ക് കടക്കാനുള്ള വഴിയൊരുങ്ങിയത്. സാംസ്‌കാരിക നഗരത്തിന്റെ പ്രൗഢി ചോരാത്ത വിധത്തിലുള്ള വികസനത്തിനായുള്ള പദ്ധതി മുൻപ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയിൽ തീരുമാനമായിരുന്നില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർദേശിച്ച ചില മാറ്റങ്ങൾകൂടി ഉൾക്കൊണ്ട്, കളക്ടറും ജനപ്രതിനിധികളും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് കഴിഞ്ഞദിവസം അന്തിമതീരുമാനമായത്. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനിലൊന്നായ തൃശൂർ, വരുമാനത്തിന്റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ സ്‌റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിച്ചിരുന്നു.
100 വർഷം മുന്നിൽക്കണ്ട് നിർമ്മാണം
അടുത്ത 100 വർഷം മുന്നിൽ കണ്ടാണ് സ്റ്റേഷൻ പുനർനിർമ്മിക്കുന്നത്. മികച്ച രീതിയിലുള്ള ശുചീകരണ സൗകര്യങ്ങളും രൂപരേഖയിൽ ഉൾപ്പെടുത്തി. രണ്ടാം നിലയിലാകും ടിക്കറ്റ് കൗണ്ടർ. എലിവേറ്റഡ് പ്ലാറ്റ്‌ഫോം നിർമ്മിക്കും. ദക്ഷിണ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗത്തിനാണ് നിർവഹണ ചുമതല. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അംഗീകാരം ലഭിച്ച സ്റ്റേഷന്റെ പുനർനിർമാണ മാതൃക റെയിൽവേ ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. രാജ്യത്ത് വൻകിട നഗരങ്ങളിൽ വിമാനത്താവളങ്ങൾക്ക് സമാനമായി നിർമ്മിച്ച സ്റ്റേഷനുകളുടെ മാതൃകയാണ് സ്വീകരിക്കുന്നത്. വരാനും പോകാനും വ്യത്യസ്ത കവാടമുണ്ടാകും .
@ താഴത്തെ നില പാർക്കിംഗിനും വാഹനങ്ങൾ വന്നുപോകാനും
@ രണ്ടാംനിലയിൽ ടിക്കറ്റ് കൗണ്ടറും മറ്റും സജ്ജമാക്കും
@ മൾട്ടി ലെവൽ പാർക്കിംഗുകളും ജീവനക്കാർക്കുള്ള ഫ്‌ളാറ്റും
@ ആധുനിക ഹോട്ടലിനും പുതിയ പ്ലാറ്റ്‌ഫോമിനും സാദ്ധ്യത.
മൊത്തം നിമ്മാണച്ചെലവ്: 390.53 കോടി
നിലകൾ : മൂന്ന്
റെയിൽവേ വികസനം സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഡി.പി.ആർ അംഗീകരിച്ച ശേഷം വേഗം നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള നടപടി തുടങ്ങണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |