അക്ഷരമെന്നാൽ ക്ഷരം (നാശം) ഇല്ലാത്തത്, ക്ഷയിക്കാത്തത്, അനന്തമായത് എന്നാണർത്ഥം. അക്ഷരാത്മികതയാണ് ദുർഗ. അതിനാലാണ് വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതും മുതിർന്നവർ കുട്ടികളുടെ മനസോടെ വീണ്ടും വിദ്യാരംഭം കുറിക്കുന്നതും. സർവലോക പരിപാലകയും സർവ ഐശ്വര്യദായികയുമായ ജഗദംബികയുടെ പൂജയാണ് നവരാത്രികാലത്ത് നടക്കുന്നത്.ദേവിയുടെ ഓരോ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കൽപ്പത്തെയാണ് ഈ ഒൻപതുനാളുകളിലും ഭക്തർ സ്‌തുതിക്കുക. നവരാത്രി സങ്കൽപ്പത്തെയും, ആചാരാനുഷ്‌ഠാനങ്ങളെയും കുറിച്ച് വ്യക്തമാക്കുകയാണ് ജ്യോതിഷ മഹാപണ്ഡിതൻ എം. എം കപാലി നമ്പൂതിരി. എന്തായിരിക്കണം നവരാത്രി നാളുകളിലെ പ്രാർത്ഥനയെന്നും, നവരാത്രികളെ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ടത് എങ്ങനെയായിരിക്കണമെന്നും ശ്രീ കപാലി സ്പഷ്‌ടമാക്കുന്നു.
ദേവീ മാഹാത്മ്യം
അഗ്നിപുരാണ പ്രകാരം മഹിഷാസുരനെ വധിച്ച ദിവസമാണ് നവരാത്രിയായി ആഘോഷിക്കുന്നത്. അഗ്നി പുരാണത്തിലെ 185ആം അദ്ധ്യായത്തിൽ ഇക്കാര്യം വിശദമായുണ്ട്. മഹിഷാസുര വധം കഴിഞ്ഞ് നിൽക്കുന്ന ദേവിയെ പ്രസന്നവദനയാക്കുന്നതിനായി സകലദേവദേവന്മാരും സ്‌തുതിച്ച ദിനമാണ് വിജയദശമി. നവരാത്രികളെ കുറിച്ച് അഗ്നിപുരാണത്തിലെ പ്രതിപാദിക്കുന്നതും ഇന്ന് ആചരിച്ചുവരുന്നതും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഒമ്പത് ദേവീ ഭാവങ്ങളിലാണ് പരാശക്തിയെ ഈ ദിനങ്ങിൽ ആരാധിക്കേണ്ടത്. അവ യഥാക്രമം, രുദ്ര, ചണ്ഡ, പ്രചണ്ഡ, ചണ്ഡോഗ്ര, ചണ്ഡനായിക, ചണ്ഡവതി, ചണ്ഡരൂപ, ഉഗ്രചണ്ഡ എന്നീ എട്ട് ദേവിമാരെയും മദ്ധ്യത്തിൽ മഹിഷാസുര മർദ്ദിനിയായ ദുർഗാ ഭഗവതിയെയും പൂജിക്കണം എന്നാണ്. 16 കോൽ സമചതുരത്തിലുള്ള ഒരു സ്ഥലം പന്തലിട്ട് തോരണാദികളെകൊണ്ട് വിതാനിച്ച് അതിന് മദ്ധ്യത്തിൽ നാലുകോൽ സമചതുരത്തിൽ ഒരു വേദികയുണ്ടാക്കി അതിനു നടുവിലായി ദുർഗാഭഗവതിയെയും മറ്റ് എട്ട് ദേവിമാരെയും പ്രതിഷ്‌ഠിച്ച് പൂജിക്കണം. അത് പത്മത്തിലാകാം, നാളികേരമോ പ്രതിമയോ വച്ചിട്ടാകാം. പൂജാ സമ്പ്രദായങ്ങളിലെ ഏതെങ്കിലും ഒരു സമ്പ്രദായത്തിൽ ആയിരിക്കണം പൂജ ചെയ്യേണ്ടത്.
എട്ട് ദേവിമാർക്ക് 16 കൈകളും, മദ്ധ്യത്തിലെ ദുർഗാഭഗവതിയ‌്ക്ക് 18 കൈകളുമാണുള്ളത്. ഇതിലെ ആയുധങ്ങൾ ഇപ്രകാരമാണ്- കപാലം, ഖേടകം, ഘണ്ഡ, കണ്ണാടി, തജനി, വില്ല്, ദ്ധ്വജം, ഡമരു, പാശം ഇത് ദേവിയുടെ ഇടതുഭാഗത്തെ കൈകളിലാണ്. വലതുഭാഗത്തെ കൈകളിൽ ശക്തി, മുൽഗരം, ശൂലം, വജ്രം, ഖഡ്‌ഗം, കുന്ദം, ശംഖ്, ചക്രം, ശലാക എന്നീ ആയുധങ്ങളാണ്. ഈ ഭാവത്തിലുള്ള ദേവിയെ സങ്കിൽപിച്ച് പൂജ ചെയ്യണമെന്നാണ് അഗ്നിപുരാണത്തിൽ പറയുന്നത്. വലതുകൈയിലുള്ളതെല്ലാം പ്രയോഗ ആയുധങ്ങളാണ്. ഇടതു കൈയിൽ അനുഗ്രഹത്തിനായുള്ള ആയുധങ്ങളും.
മഹിഷാസുരന്റെ ജനനനസ്ഥലം ഇന്നത്തെ മൈസൂരിലാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ദസറ- നവരാത്രി ആഘോഷങ്ങൾ അവിടെ കേമമാകാൻ കാരണം. ചണ്ഡ എന്ന് പറയുന്ന ചാമുണ്ഡേശ്വരി തന്നെയാണ് അവിടെ പ്രധാന പ്രതിഷ്‌ഠ. കേരളത്തിലേക്ക് വരുമ്പോൾ ഇതിന് അൽപം മാറ്റം വരും. പലതരത്തിലാണ് ഇവിടെ പൂജ. അഷ്‌ടമി വരുന്ന ദിവസം ഗ്രന്ഥം വച്ച് മഹാനവമിക്കും, വിജയദശമിക്കുമാണ് കേരളത്തിൽ നവരാത്രികളിലെ പ്രധാനപൂജ. സരസ്വതിയെയും ഗണപതിയെയും മാത്രമായിട്ട് പൂജിക്കുന്നവരുണ്ട്. സരസ്വതി, ഗണപതി, വേദവ്യാസൻ, ദക്ഷിണാമൂർത്തി, ശ്രീകൃഷ്‌ണൻ ഇങ്ങനെ പൂജിക്കുന്നവരുണ്ട്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഭാവങ്ങളിൽ യഥാക്രമം മൂന്ന് ദിവസങ്ങളിലായി ആകെ ഒമ്പത് ദിവസവും പൂജിക്കുന്നവർ ഏറെയാണ്.
നവരാത്രിയിലെ പ്രാർത്ഥന
ശത്രുജയമാണ് നവരാത്രിപൂജയുടെ ഫലം. ശത്രുസംഹാരം എന്നുപറഞ്ഞാൽ ബാഹ്യമായി എതിർക്കുന്ന, ആയുധം കൊണ്ട് നേരിടുന്ന ശത്രുക്കൾ എന്നല്ല. നമ്മിൽ ആന്തരികമായിരിക്കുന്ന കാമ, ക്രോധ, മോഹ, മദ, ലോഭ, മാത്സര്യ എന്നീ ഷഡ് വൈരികളെയും ജയിക്കണം എന്നാണതിനർത്ഥം. ഈ ഷഡ് വൈരികളെയും ജയിച്ച് സാത്വിക സ്വഭാവം ഉണ്ടായി, ലോകത്തിന് ഉപകാരമായിരിക്കുന്ന സകല വിദ്യകളെയും ആഗിരണം ചെയ്യാനുള്ള കഴിവ് ഉണ്ടാകണമേ എന്നതായിരിക്കണം നവരാത്രിയിലെ പ്രാർത്ഥന. ഒരു വർഷത്തിൽ നാല് നവരാത്രികൾ ഉണ്ടെങ്കിലും ശരത്കാലത്തിലെ നവരാത്രിക്കാണ് പ്രാധാന്യം കൂടുതൽ. ഈ ഒമ്പത് ദിവസവും തന്റെ ഉപാസനാ മൂർത്തിയെ മാത്രം ഭജിക്കുന്നവരുണ്ട്. കാരണം ആ ഉപാസനയ്ക്ക് ശക്തി കിട്ടുന്ന കാലഘട്ടമാണ് ഈ ഒമ്പത് ദിവസം. മറ്റുള്ള സമയത്തേക്കാൾ ഫലം അധികം ലഭിക്കും. പുരാണങ്ങൾ പലവിധത്തിലാണ്. ഇവയിൽ ഓരോന്നിലും പ്രതിപാദിച്ചിട്ടുള്ള പൂജാവിധികളും പലവിധമാണ്. എങ്കിലും അതിലെ വിധി പ്രകാരം കർമ്മം അനുഷ്ഠിച്ചാൽ ഫലം സുനിശ്ചിതമാണ്.
ആരായിരിക്കണം ഗുരു
ഭസ്‌മം ധരിച്ച് രുദ്രാക്ഷമാലയണിഞ്ഞ് കാവി വസ്‌ത്രം ഇട്ടതുകൊണ്ടെന്നും ഗുരുവാകാൻ പോകുന്നില്ല. ഗുരുവാകണമെങ്കിൽ; സമ്പത്ത് വന്നാൽ സന്തോഷമില്ല സമ്പത്ത് പോയാൽ ദുഖവുമില്ല, വയറു നിറയെ ആഹാരം കഴിച്ചാലും ദിവസങ്ങളോളം പട്ടിണി കിടന്നാലും ഒരുപോലെ, വെള്ളം, ആഗ്നി, വായു എന്നിവയാൽ ദോഷങ്ങൾ സംഭവിക്കരുത്, ആകാശ സഞ്ചാരിയായിരിക്കണം. ഇത്രാദി ഗുണങ്ങൾ ഉള്ളയാളാണ് യഥാർത്ഥ ഗുരു. അത് സാക്ഷാൽ ജഗദീശ്വരൻ മാത്രമാണ്. ആ ഈശ്വരകടാക്ഷം ലഭിച്ച ഗുരുനാഥരാണ് ശ്രീരാമകൃഷ്‌ണ പരമഹംസരും, ചട്ടമ്പി സ്വാമിയും ശ്രീനാരയണഗുരുമൊക്കെ. വേഷം കണ്ട് അതെല്ലാം ഗുരുവാണെന്ന് വിചാരിച്ച് പുറപ്പെട്ടാൽ ആ യാത്ര ഒരിടത്തും എത്താൻ പോകുന്നില്ല.
നവരാത്രികളെ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ടത് എങ്ങനെയാണ്
ഈ ഒമ്പത് ദിവസവും രാവിലെ കുളിച്ച് ഈശ്വരധ്യാനം ചെയ്യണം. ശുദ്ധ ഭക്ഷണം തന്നെ കഴിക്കണം. ഒമ്പത് ദിവസത്തെ വ്രതാനുഷ്‌ഠാനം കൊണ്ട് ശരീരത്തിനും മനസിനും ശാന്തത കൈവരുത്തുകയാണ് വേണ്ടത്. ഉഴുതുമറിച്ച നിലത്തിലെ വിത്ത് മുളയ‌്ക്കുകയുള്ളൂ എന്ന് പറയുന്നതുപോലെ, വിജയദശമി നാളിൽ ഗുരുവിന്റെ ഉപദേശം സ്വീകരിക്കുന്നതിനായി ഓരോ വിദ്യാർത്ഥിയും സ്വയം സജ്ജമാകുന്ന ദിനങ്ങളാണ് നവരാത്രി. വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് മുഹൂർത്തം നോക്കേണ്ട കാര്യമില്ല. എല്ലാ ഉപദേശങ്ങൾക്കും വിദ്യാദാനത്തിനും വിജയദശമി നാളിൽ പ്രാധാന്യം ഏറാൻ കാരണവും ഇതുതന്നെയാണ്.
വിദ്യാരംഭം നൽകാൻ (എഴുത്തിനിരുത്ത്) യോഗ്യർ ആരൊക്കെയാണ്
ആരായിരിക്കണം ഗുരു എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ഇവിടെയും പ്രസക്തം. എന്നാൽ ആ ലക്ഷണങ്ങൾ ഉള്ളവർ ഇക്കാലത്ത് എത്രകണ്ട് ലഭ്യമാകും. അങ്ങനെയുള്ളവരുണ്ടെങ്കിൽ അക്ഷരാഭ്യാസം നടത്താവൂ എന്ന് പറഞ്ഞാൽ എല്ലാവരും നിരക്ഷരരായി പോകില്ലേ? അതുകൊണ്ട് അച്ഛൻ, അമ്മ, അമ്മാവൻ, ഗുരുസ്ഥാനീയർ എന്നിവർക്കെല്ലാം വിദ്യ പകർന്നുനൽകാം.
പണ്ട് കാലങ്ങളിൽ അരിയിൽ മാത്രമായിരുന്നു വിദ്യാരംഭം കുറിക്കുക പതിവ്. കാളിദാസന് ഭദ്രകാളി തന്റെ വാളുകൊണ്ട് നാവിൽ വിദ്യപകർന്നുകൊടുത്തു എന്ന് പറയപ്പെട്ടതിന് ശേഷമാണ് സ്വർണം ഉപയോഗിക്കാൻ തുടങ്ങിയത്. കൊവിഡ് കാലഘട്ടമായതിനാൽ സ്വർണം ഉപയോഗിച്ച് അക്ഷരം കുറിക്കുന്നതിൽ സർക്കാരിന്റെ നിയന്ത്രണം വന്നിട്ടുണ്ടല്ലോ? ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നല്ലതു തന്നെയാണ്. എന്നാൽ സ്വർണം എന്ന ലോഹത്തിന് ഏതൊരു അശുദ്ധിയും ഇല്ല എന്ന് മനസിലാക്കുക. ഒരു തരത്തിലും നശിപ്പിക്കാൻ കഴിയുന്ന ഒന്നല്ല സ്വർണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |