സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന മനോഭാവത്തിനും വിവേചനത്തിനും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഹിന്ദുമതം എന്ന് പൊതുവെ പറയുമെങ്കിലും അതിൽ നൂറുകണക്കിന് ജാതികളും ഉപജാതികളുമുണ്ട്. ഇതൊക്കെയാകട്ടെ ഒന്നിനോടൊന്ന് ചേരുന്നതുമല്ല. ഉയർന്ന ജാതി, താഴ്‌ന്ന ജാതി തുടങ്ങിയ തട്ടുകൾ സമൂഹത്തിൽ മനുഷ്യൻ നിർമ്മിച്ചതാണ്. മനുഷ്യനെ ചൂഷണം ചെയ്യാൻ മനുഷ്യൻ തന്നെ കണ്ടുപിടിച്ചതാണത്. താഴ‌്‌ന്ന ജാതി എന്ന് മുദ്രകുത്തിക്കഴിഞ്ഞാൽ അവരെക്കൊണ്ട് എന്ത് തരംതാഴ്‌ന്ന ജോലികളും ചെയ്യിക്കാം. വിദ്യാഭ്യാസം നേടിയതുകൊണ്ടുമാത്രം മനസിൽ നിന്ന് ജാതിചിന്ത ഒഴിയണമെന്നില്ല. വിവേക ബുദ്ധിയും വിശാല മനസ്ഥിതിയും മനുഷ്യത്വവും പുലർത്തുന്നവർക്കു മാത്രമെ ജാതിചിന്തയിൽ നിന്ന് മാറിനിൽക്കാനാവൂ. ജാതിപ്പിശാചിന് എതിരെയുള്ള ആത്മീയ പ്രതിരോധത്തിനായാണ് ഗുരുദേവൻ ആയുസും വപുസും മാറ്റിവച്ചത്.
ബാഹ്യമായ അകറ്റിനിറുത്തലും അയിത്തവും മറ്റും പാടെ മാറിയെങ്കിലും കേരളത്തിലും പലരുടെയും മനസിൽ ജാതിചിന്ത അതിരൂക്ഷമാണെന്നത് ഒരു യാഥാർത്ഥ്യമാണ്. കേരളം വിട്ടാൽ ഇന്ത്യയുടെ പല ഭാഗത്തും ഇന്നും ജാതിയുടെ പേരിലുള്ള ബാഹ്യമായ വിവേചനം വലിയ രീതിയിൽ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. ഇതിന്റെ പ്രതിഫലനം നാട്ടിൽ മാത്രമല്ല ജയിലിലും സംഭവിക്കുന്നു. വടക്കൻ സംസ്ഥാനങ്ങളിലെ പല ജയിലുകളിലും തടവുകാർക്ക് ജാതി നോക്കിയാണ് തൊഴിൽ നൽകുന്നത്. താഴ്‌ന്ന ജാതിയിൽ പിറന്നവരെന്ന് മുദ്രകുത്തിയവർക്കാണ് ജയിലിൽ കക്കൂസ് കഴുകുക, തറ തുടയ്ക്കുക, മാലിന്യം മാറ്റുക തുടങ്ങിയ ജോലികൾ നീക്കിവച്ചിരിക്കുന്നത്. ഇക്കാര്യം ഒരു ഹർജിയിലൂടെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന 'ദ വയർ" വാർത്താ പോർട്ടലിലെ ജേർണലിസ്റ്റ് സുകന്യ ശാന്ത തികച്ചും അഭിനന്ദനം അർഹിക്കുന്നു. ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
ജാതി നോക്കി ജോലി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച സുപ്രീം കോടതി, ജയിൽ രജിസ്‌റ്ററിലെ ജാതി കോളം ഒഴിവാക്കണമെന്നും, ജാതി വിവേചനമുള്ള ജയിൽ ചട്ടങ്ങൾ മാറ്റി മൂന്നു മാസത്തിനകം ഭേദഗതി ചെയ്ത് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് പറഞ്ഞിരിക്കുകയാണ്. ഒരു ജോലിയും താഴ്‌ന്ന ജോലിയല്ല. പക്ഷേ 'താഴ്‌ന്ന ജാതിക്കാർ" മാത്രമെ ഇത്തരം ജോലികൾ ചെയ്യാവൂ എന്ന് ശഠിക്കുന്നിടത്താണ് ജാതിപ്പിശാച് തലപൊക്കുന്നത്. ജയിൽ തൂക്കാനും തുടയ്‌ക്കാനും വൃത്തിയാക്കാനും ജോലിക്കാരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അത് തടവുകാരുടെ ജോലിയാക്കി മാറ്റരുത്. തടവുകാരുടെ അന്തസ് മാനിക്കപ്പെടേണ്ടതാണ് എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ.
'സാധാരണ തടവിന് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ താഴ്‌ന്ന ജോലികൾ ചെയ്യിക്കരുത്; ആ വ്യക്തിയുടെ ജാതി അത്തരം ജോലി പരമ്പരയാ ചെയ്യുന്നതല്ലെങ്കിൽ" എന്ന ഉത്തർപ്രദേശ് ജയിൽ മാന്വലിലെ വ്യവസ്ഥയയെ കോടതി അതിനിശിതമായി വിമർശിക്കുകയും ചെയ്തു. താഴ്‌ന്ന ജോലികൾ ചെയ്യാൻ വേണ്ടിയോ ചെയ്യാതിരിക്കാൻ വേണ്ടിയോ ആരും ജനിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ജയിലുകളിലേത് മാത്രമല്ല, സർക്കാരിന്റെ മറ്റു പല വകുപ്പുകളിലെ മാന്വലുകളിലും ഇത്തരം വിവേകശൂന്യമായ ജാതിവിവേചനങ്ങൾ ഉൾക്കൊള്ളുന്ന വ്യവസ്ഥകൾ ഒളിച്ചിരിക്കുന്നുണ്ടായിരിക്കും. അവയെല്ലാം കാലാനുസൃതമായും ഭരണഘടനാപരമായും പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണം. ഇത്തരം മ്ളേച്ഛമായ വ്യവസ്ഥകൾ ഉള്ള മാന്വലുകൾ ചൂണ്ടിക്കാണിക്കുന്നതിന് സോഷ്യൽ മീഡിയയ്ക്കും വലിയ പങ്ക് വഹിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |