കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുരീപ്പുഴയിലെ പഴയ ചണ്ടി ഡിപ്പോ പ്രദേശത്ത് ഫീക്കൽ സ്ലഡ്ജ് പ്ലാന്റ് നിർമ്മിക്കാൻ വൈകാതെ കരാറൊപ്പിടും. 50 കെ.എൽ.ഡി പ്ലാന്റ് സ്ഥാപിക്കാൻ വാട്ടർ അതോറ്റി ക്ഷണിച്ച ടെണ്ടറിൽ മൂന്ന് കമ്പനികൾ പങ്കെടുത്തിട്ടുണ്ട്.
വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ അദ്ധ്യക്ഷനായ ടെണ്ടർ കമ്മിറ്റി മൂന്ന് കമ്പനികളുടെയും ടെണ്ടർ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും.1.5 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. പങ്കെടുത്ത മൂന്ന് കമ്പനികളുടെയും ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ പത്ത് ശതമാനത്തിലേറെ കൂടുതലാണ്. അതുകൊണ്ട് തന്നെ കരാർ ഉറപ്പിക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനം സർക്കാരിന് വിടാനാണ് സാദ്ധ്യത. പ്രത്യേക പ്രാധാന്യമുള്ള പദ്ധതിയായതിനാൽ സർക്കാരിലേക്ക് പോയാലും തീരുമാനം വൈകില്ലെന്നാണ് സൂചന.
കുരീപ്പുഴയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. പ്ലാന്റ് സ്ഥിരമായി പ്രവർത്തിക്കണമെങ്കിൽ മൂന്ന് എം.എൽ.ഡി മാലിന്യമെങ്കിലും പ്രതിദിനം എത്തണം. ഇത്രയും മാലിന്യം ലോറിമാർഗം എത്തിക്കാനാകില്ല. മാലിന്യമില്ലാതെ ഇടയ്ക്ക് പ്രവർത്തനം നിലച്ചാൽ കക്കൂസ് മാലിന്യം വിഘടിപ്പിക്കുന്ന ബാക്ടീരിയകളെ വീണ്ടും വളർത്തിയെടുക്കാൻ ഒരുമാസത്തിലേറെ വേണ്ടിവരും. അതുകൊണ്ട് തന്നെ നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം കുരീപ്പുഴയിൽ എത്തിക്കുന്ന സ്വീവേജ് പൈപ്പ് ലൈൻ ശ്യംഖലയുടെ ആദ്യഘട്ടമെങ്കിലും പൂർത്തിയായാലെ സ്വീവേജ് പ്ലാന്റ് പ്രവർത്തിപ്പിക്കാനാകൂ. അതിന് കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് ഫ്ലീക്കൽ സ്ലഡ്ജ് പ്ലാന്റ് സ്ഥാപിക്കുന്നത്.
കക്കൂസ് മാലിന്യം എത്തിക്കാൻ ആപ്പ്
ഫീക്കൽ സ്ലഡ്ജ് പ്ലാന്റ് പൂർത്തിയാകുന്നതിന് പിന്നാലെ മാലിന്യം എത്തിക്കാൻ നഗരസഭ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കും
വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും കക്കൂസ് മാലിന്യം കൈമാറാൻ ഈ ആപ്പ് വഴി പണമടച്ച് രജിസ്റ്റർ ചെയ്യാം
അഷ്ടമുടി കായൽ അടക്കമുള്ള ജലാശയങ്ങളിലും റോഡുവക്കുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ പെട്ടെന്നുള്ള നീക്കം
ഒരു ലോഡിന് 2000 രൂപ ഫീസ് ഏർപ്പെടുത്തിയേക്കും
മാലിന്യം ശേഖരിക്കാൻ നഗരസഭയുടെ നാല് ലോറികൾ
36 ഓളം സ്വകാര്യ ലോറികളുമായും കരാറുണ്ടാക്കും
ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് പിന്നാലെ മാലിന്യം ശേഖരിക്കാൻ ലോറി വീട്ടിലെത്തും. ഫീസ് ഓൺലൈനായി നഗരസഭയ്ക്ക് അടയ്ക്കണം. ലോറികൾക്കുള്ള പണം നഗരസഭ നൽകും.
നഗരസഭ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |