തൃശൂർ: ഹരിയാന സംഘം തൃശൂരിൽ മറ്റൊരു എ.ടി.എമ്മിലും കവർച്ച നടത്താൻ പദ്ധതിയിട്ടെങ്കിലും ആളുണ്ടായിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചെന്ന് പൊലീസ്. പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് നാലാം കവർച്ചാ പദ്ധതി വെളിപ്പെട്ടത്. മാപ്രാണത്ത് കവർച്ച നടത്തിയശേഷം തൃശൂരിലേക്കുള്ള യാത്രയിലാണ് ഇരുപ്രദേശത്തിനും ഇടയിലെ എ.ടി.എം ലക്ഷ്യം വച്ചത്. പക്ഷേ, സ്ഥലത്ത് ആൾ സാന്നിദ്ധ്യമുണ്ടായിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് തൃശൂർ ഷൊർണൂർ റോഡിലെയും കോലഴിയിലെയും എ.ടി.എമ്മുകൾ കവർന്നത്.
പ്രതികൾ രക്ഷപ്പെട്ട വഴിയും കണ്ടെയ്‌നർ ലോറിയിൽ കാർ കയറ്റിയത് എവിടെ വെച്ചാണെന്നും വെളിപ്പെട്ടിട്ടില്ല. മുഹമ്മദ് ഇക്രാമാണ് കവർച്ച ആസൂത്രണം ചെയ്തത്. സംസ്ഥാനത്ത് മറ്റേതെങ്കിലും എ.ടി.എമ്മുകളിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇവർ നൽകിയ പേരുകൾ വ്യാജമാണെന്ന് സംശയമുണ്ട്. തമിഴ്‌നാട് കൃഷ്ണഗിരിയിൽ എ.ടി.എം കവർച്ച നടത്തിയതും ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണഗിരിയിൽ നിന്ന് മുഹമ്മദ് ഇക്രാമിന്റെ വിരലടയാളം ലഭിച്ചിരുന്നു. എന്നാൽ അവിടെ നൽകിയത് മറ്റൊരു പേരാണെന്നാണ് വിവരം. തൃശൂർ ഈസ്റ്റ് സി.ഐ ജിജോ, എസ്.ഐമാരായ വിപിൻ നായർ, എ.എസ്. ബാലസുബ്രഹ്മണ്യൻ, എ.എസ്.ഐ രാജു എന്നിവരും പത്ത് സി.പി.ഒമാരും ചേർന്നാണ് പ്രതികളെ തൃശൂരിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |