കാലവർഷവും മൺസൂണുമൊക്കെ വിട്ടകന്നതോടെ സംസ്ഥാനം വീണ്ടും ചൂടിലേക്ക് നീങ്ങുകയാണ്. പലയിടങ്ങളിലെയും ജലാശയങ്ങളിലെ ഉൾപ്പെടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച കണ്ണൂരിലും ഇപ്പോൾ ചൂട് ഉയരുകയാണ്. കാലവാസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ അവസ്ഥ ഏറ്റവും പ്രകടമായിരിക്കുന്നതും കണ്ണൂരിലാണ്. ന്യൂനമർദ്ദവും ചക്രവാത ചുഴിയുമൊക്കെയായി മഴ പെയ്തിറങ്ങിയപ്പോൾ മഴയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു കണ്ണൂർ. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ അവസാനിക്കുമ്പോൾ സാധാരണ ലഭിക്കുന്നതിനേക്കാൾ 15 ശതമാനം അധിക മഴയാണ് ഇത്തവണ കണ്ണൂരിൽ (3023.3 മില്ലീമീറ്റർ) ലഭിച്ചത്.
സംസ്ഥാനത്ത് ആകെ നോക്കുമ്പോൾ 13 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുമ്പോഴാണിത്. സാധാരണ ലഭിക്കുന്ന മഴയുടെ അളവ് 2623 മി.മി ആണ്. മാഹിയിലാണ് കൂടുതൽ മഴ ലഭിച്ചത്, 2755.4 മി.മി. സാധാരണ ലഭിക്കേണ്ടത് 2385.3 മി.മി മഴയാണ്. 16 ശതമാനത്തിലധികം കാലവർഷ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. രാജ്യത്ത് കണ്ണൂരിന് 15-ാം സ്ഥാനമാണ്. സംസ്ഥാനത്ത് രണ്ടാമത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. 2603 മി.മി മഴ ലഭിച്ചു. എന്നാൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ ഒമ്പത് ശതമാനം കുറവുണ്ടായിട്ടുണ്ട്. 2846.2 മി.മി മഴയാണ് കാസർകോട് ലഭിക്കേണ്ടത്.
മുന്നിൽ മേഘാലയ; കണ്ണൂർ 15 മത്
രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മേഘാലയിലെ ഈസ്റ്റ് ഖാസി ഹിൽ എന്ന സ്ഥലത്താണ്. ഇതിൽ പതിനാറാം സ്ഥാനത്താണ് മാഹി. 23ാം സ്ഥാനത്ത് കാസർകോടുമുണ്ട്. ദേശീയതലത്തിൽ അഞ്ചാമതാണു കേരളത്തിന്റെ സ്ഥാനം. 4401 മില്ലിമീറ്റർ മഴ ലഭിച്ച ഗോവയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ.
കണ്ണൂർ കാസർകോട് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച മൂന്നാമത്തെ ജില്ല കോഴിക്കോടാണ്. 2309.7 മി.മി മഴയാണ് ലഭിച്ചത്. എന്നാൽ ഇത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ പത്ത് ശതമാനം കുറവാണ്. തൃശൂർ 1871.3 മി.മി, കോട്ടയം 1796 മി.മി, മലപ്പുറം1754.7 മി.മി, എറണാകുളം1547.1 മി.മി, പാലക്കാട് 1505.4 മി.മി, പത്തനംതിട്ട 1330.5 മി.മി, ആലപ്പുഴ 1298.4 മി.മി, കൊല്ലം1065 മി.മി അളവിലും മഴ ലഭിച്ചു. സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്ത് ആണെങ്കിലും (866.3മി.മി) ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ മൂന്ന് ശതമാനം അധികം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇടുക്കിയിൽ 33 ശതമാനവും വയനാട് 30 ശതമാനവും കുറവ് മഴയാണ് രേഖപ്പെടുത്തിയത്.
അറബിക്കടലിലെ ചുഴിലിക്കാറ്റുകൾ
ഓഗസ്റ്റ് മാസം അറബിക്കടലിൽ അഞ്ച് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. ഇതെല്ലാം മദ്ധ്യവടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂർ കാസർകോട് ജില്ലകളെ ബാധിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. 13 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും 2000ന് ശേഷം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഈ വർഷമാണ്.
ചുട്ടുപൊള്ളിതൊഴിലിടങ്ങൾ
നല്ല മഴ ലഭിച്ചുവെങ്കിലും ഒക്‌ടോബർ ആദ്യം തന്നെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മാർച്ച്, ഏപ്രിൽ മാസത്തെ വേനൽചൂട് പോലെ തന്നെയാണ് നിലവിലെ പകൽചൂട്. അതിരാവിലെ മുതൽ കനത്ത ചൂടാണ് പലയിടത്തും അനുഭവപ്പെടുന്നത്. ശരാശരി പകൽ താപനില 27, 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32, 33 ഡിഗ്രി സെൽഷ്യസായി ഉയർന്നു. തുലാവർഷവും പിൻവാങ്ങുന്നതോടെ ചൂട് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പകൽ ചൂടു കൂടിയതോടെ പുറം ജോലി ചെയ്യുന്ന കൽപണിക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, പാടത്തും പറമ്പിലുമെല്ലാം ജോലി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. പകൽ സമയം കൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരും ചൂടിന്റെ ആധിക്യത്താൽ വലയുകയാണ്. ഇതിനൊപ്പം രോഗങ്ങളും തലപൊക്കിത്തുടങ്ങി. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയാണ് പടരുന്ന പ്രധാന രോഗങ്ങൾ. ചൂട് ഉയരുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്താൽ വേനൽക്കാലമെത്തും മുമ്പ് തന്നെ ജനജീവിതത്തെ സാരമായി ബാധിക്കും.
ജല സംരക്ഷണ പദ്ധതികൾ വേണം
ജലസ്രോതസുകളുടെ പുനർജ്ജീവനത്തിനും ജലസംരക്ഷണത്തിന്റെയും ഭാഗമായി തോടുകളും പുഴകളും സംരക്ഷിക്കുന്നതിന് കൂടുതൽ പദ്ധതികൾ ആവശ്യമാണ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) വിധിയുടെ അടിസ്ഥാനത്തിൽ മലിനമായ പുഴകൾ ശുചീകരിക്കുന്നതിനു വേണ്ടിയുള്ള ഡി.പി.ആർ എൻജിനീയറിംഗ് കോളോജുകളുടെ സഹായത്തോടെ ജലസേചനവകുപ്പ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ഇതിന്മേൽ പദ്ധതികൾ തയ്യാറാക്കി മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യം. ഇത്തരത്തിൽ അതിരൂക്ഷമായി മലിനപ്പെട്ടിരിക്കുന്ന 21 നദികളുടെ ഡി.പി.ആർ ആണ് തയ്യാറായിരിക്കുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്ന ആദ്യത്തെ പദ്ധതി കൂടിയാണിത്. ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ ഫല പ്രാപിതിയിലെത്താൻ പൊതുജനപങ്കാളിത്തം അത്യാന്താപേക്ഷിതമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനാണ് ലക്ഷ്യമിടുന്നത്.
നിലവിലെ പദ്ധതികൾ കാര്യക്ഷമമല്ല
ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മേയ് മാസങ്ങളിൽ കടുത്ത വരൾച്ചയാണ് അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും പുഴകളും തോടുകളും വറ്റി നീർച്ചാലുകളായി മാറിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജലസ്രോതസ്സ് സംരക്ഷിക്കാനും നിലനിറുത്താനും പ്രവൃത്തികൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. പല തദ്ദേശ സ്ഥാപനങ്ങളിലും പുഴയെ സംരക്ഷിക്കാനും വെള്ളത്തിന്റെ അളവ് നിലനിറുത്താനുള്ള പദ്ധതി രണ്ടു വർഷം മുൻപ് ചർച്ച ചെയ്‌തെങ്കിലും പ്രാവർത്തികമാക്കിയിരുന്നില്ല. പുഴകൾ, തോടുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന വെള്ളത്തിന്റെയും മഴവെള്ളത്തിന്റെയും കണക്ക് ശേഖരിച്ച് എത്ര മാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിറുത്താൻ കഴിയുമെന്നു പരിശോധിക്കുകയും സുലഭമായ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ ജല ബജറ്റിന്റെ ഭാഗമായി നടത്തുമെന്നെല്ലാം അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതൊന്നുംകാര്യക്ഷമമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |