മോഹൻലാൽ ചിത്രത്തിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകൻ. ബംഗളൂരു നഗര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ബിനു പപ്പു തിരക്കഥ എഴുതുന്നു. ചിത്രത്തിൽ ബിനു പപ്പു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.ഇതാദ്യമായാണ് ബിനു പപ്പു തിരക്കഥ എഴുതുന്നത്.
ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. ഇതാദ്യമായി ആസിഫ് അലിയും തരുൺ മൂർത്തിയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. അതേസമയം ഒാണം റിലീസായി എത്തിയ കിഷ്‌കിന്ധാ കാണ്ഡത്തിനുശേഷം ആസിഫ് അലിയുടെ കരിയർ ഉയർന്നിരിക്കുകയാണ്. ആഗോളതലത്തിൽ കിഷ്കിന്ധാ കാണ്ഡം 70 കോടി കടന്നു. നവാഗതനായ സേതുനാഥ് പദ്‌മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി പൂർത്തിയാക്കിയ ആസിഫ് അലി ഇനി, ടിക്കി ടിക്ക എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കും. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ആസിഫ് അലി ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് വി.എസ്. ആക്ഷൻ പാക്കഡ് ചിത്രമായി ഒരുങ്ങുന്ന ടിക്കി ടാക്കയിൽ ഗോദയിലൂടെ മലയാളത്തിലേക്കു വന്ന പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് മറ്റൊരു പ്രധാന താരം. ടിക്കി ടാക്ക പൂർത്തിയാക്കിയ ശേഷം തരുൺ മൂർത്തിയുടെ ചിത്രത്തിൽ ആസിഫ് അലി ജോയിൻ ചെയ്യാനാണ് ഒരുങ്ങുന്നത്. അതേസമയം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |