പൊന്നാനി : ചരക്ക് കൈമാറ്റത്തിന്റെ വലിയ ചരിത്രമുള്ള പൊന്നാനി തുറമുഖത്തിന് പുതിയ കാലത്തിന്റെ പ്രതീക്ഷയായി തുറമുഖ നിർമ്മാണ ചർച്ചകൾ വീണ്ടും സജീവം. പൊന്നാനി പോർട്ട് നിർമാണത്തിന് പി.പി.പി (പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പ്) മോഡൽ അംഗീകരിക്കാനായി സർക്കാരിലേക്ക് വിടാൻ മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. 2015ൽ ആരംഭിച്ച പ്രവൃത്തി എങ്ങുമെത്താതെ നിലച്ചതോടെ പ്രതീക്ഷകളസ്തമിച്ച പൊന്നാനിക്ക് ആശ്വാസമാവുകയാണ് പുതിയ തീരുമാനം.
അതിപുരാതനമായ തുറമുഖങ്ങളിൽ ഒന്നായ പൊന്നാനി തുറമുഖത്തിന്റെ സമഗ്രമായ വികസനം സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ സർക്കാരിന്റെ അംഗീകാരം എത്രയും വേഗം നേടിയെടുക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്ന് മന്ത്രി പൊന്നാനി എം. എൽ. എ.പി. നന്ദകുമാറിന് ഉറപ്പ് നൽകി. ഒരുകാലത്ത് പൊന്നാനി കേരളത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കയറ്റിറക്ക് കേന്ദ്രമായിരുന്നു. പുരാതന കാലത്ത് ഒട്ടനവധി പത്തേമാരികൾ അടുത്തിരുന്ന പൊന്നാനിയുടെ വാണിജ്യ സാംസ്‌കാരിക മേഖലയുടെ പ്രതീകമായ് ഇന്നും നിലകൊള്ളുന്ന ഒട്ടനവധി പാണ്ടികശാലകൾ ഇവിടെ കാണാം.
പൊന്നാനിയിൽ വാണിജ്യ തുറമുഖം നിർമ്മിക്കാൻ 2015ൽ വലിയ പദ്ധതി തയ്യാറാക്കിയിരുന്നു അന്ന് മലബാർ പോർട്സിനായിരുന്നു നിർമ്മാണ ചുമതല. ഏകദേശം 2000കോടി രൂപയുടെ പദ്ധതി 2015ൽ വലിയ ആഘോഷത്തോടെ നടത്തിയ തുറമുഖ പദ്ധതിയുടെ ഉദ്ഘാടനത്തോടെ അവസാനിച്ചു. ഇതിനൊപ്പം വിഴിഞ്ഞം പോലെയുള്ള പദ്ധതികൾ പൂർണതയിലെത്തുകയും ചെയ്തു. കരാർ ഏറ്റെടുത്ത കമ്പനി മെല്ലെപ്പോക്ക് നയം സ്വീകരിച്ചതോടെയാണ് പദ്ധതി മുടങ്ങിയത്.
നിലവിൽ സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനിയിൽ വീണ്ടും തുറമുഖ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പൊന്നാനി വഴിയുള്ള ചരക്ക് നീക്കവും ഒപ്പം ടൂറിസം പദ്ധതികളും മുന്നിൽക്കണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ സർക്കാർ വീണ്ടും ശ്രമിക്കുന്നത്.നിലവിൽ പൊന്നാനി തുറമുഖത്ത് കപ്പൽ അടുക്കുവാനും തുറമുഖ നിർമ്മാണത്തിനുമായി മാരിടൈം ബോർഡ് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാൻ സാധിച്ചാൽ ഒരുപക്ഷേ, മലബാറിലെ തന്നെ ഏറ്റവും മികച്ച തുറമുഖമായി പൊന്നാനി മാറും. ഒപ്പം ടൂറിസം രംഗത്തും ഇത് വഴി വലിയ ചരിത്രം തീർക്കാനാവും. ഒപ്പം ലക്ഷദ്വീപ്, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് സുഗമമായി ചരക്ക് നീക്കം നടത്താനാവും. ഒരു കാലത്ത് ഇവിടെ നിന്നും അറബ്, ചൈനീസ് നാടുകളിലേക്ക് വരെ പത്തേമാരികൾ വഴി കച്ചവടം നടന്നിരുന്നു. അതെല്ലാം വീണ്ടും വീണ്ടും സാദ്ധ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്.
പത്തേമാരിക്കാലം
പത്തേമാരികൾ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു പൊന്നാനിക്ക് . ഇവയെ പലരും മഞ്ചി എന്നും ബോംബെ മഞ്ചി എന്നും വിളിച്ചിരുന്നു.
പണ്ട് പൊന്നാനിയിൽ നിന്നും ചരക്കുകളുമായി പത്തേമാരികൾ അധികവും യാത്ര ചെയ്തിരുന്നത് ബോംബെ തുറമുഖത്തേക്കായിരുന്നു. അതിനാലാണ് പത്തേമാരികളെ ബോംബെ മഞ്ചി എന്ന് വിളിച്ചു പോന്നത്.
പഴയ കാലം മുതൽക്കേ വലിയ ചരക്ക് കൈമാറ്റത്തിന്റെ ചരിത്രം പറയാനുണ്ട് പൊന്നാനി തുറമുഖത്തിന്.
ഇതോടൊപ്പം പ്രാചീന ചരിത്ര രേഖകളിൽ പറയുന്ന തിണ്ടിസ് തുറമുഖം എന്നത് പൊന്നാനി ആണെന്നും പറയുന്നു.
പുരാതന കാലം മുതൽക്കേ വലിയ തുറമുഖ നഗരമായ പൊന്നാനിക്ക് കപ്പൽച്ചാൽ അടുത്തുള്ളതും ലക്ഷദ്വീപ് ഭാഗത്തേക്ക് ചരക്ക്‌കൊണ്ട് പോകാൻ ദൂരം കുറച്ചേ ഉള്ളൂ എന്നതും സാഹചര്യം അനുകൂലമാക്കുന്നുണ്ട്. നിലവിൽ യാത്രയും ചരക്ക് കൈമാറ്റവും ഒരുപോലെ സാധിക്കുന്ന മൾട്ടിപർപ്പസ് തുറമുഖമാണ് വിഭാവനം ചെയ്യുന്നത്. ഒപ്പം ആഴം കൂടുതലുള്ളതിനാൽ കപ്പലുകൾക്ക് വരാനും സൗകര്യം കൂടുതലാണ്
പി. നന്ദകുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |