തിരുവനന്തപുരം: ആർ.എസ്.എസിന്റെ രണ്ട് ഉന്നതനേതാക്കളെ കണ്ടത് സ്വകാര്യമായി പരിചയപ്പെടാനാണെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ വാദം പൂർണമായും തള്ളിക്കളയുകയാണ് ഡി.ജി.പിയുടെ റിപ്പോർട്ടിൽ. ആ കൂടിക്കാഴ്ചകൾ ചട്ടലംഘനമാണെന്നും വ്യക്തമാക്കുന്നുണ്ട്.
എല്ലാ പാർട്ടികളുടെയും നേതാക്കളെ വ്യക്തിപരമായി പരിചയപ്പെടുന്നത് തന്റെ പതിവാണെന്നും ആർ.എസ്.എസ് നേതാക്കളെ വെറും അഞ്ച് മിനിറ്റാണ് കണ്ടതെന്നും അജിത്കുമാർ ഡി.ജി.പിയെ അറിയിച്ചിരുന്നു.
കോവളത്ത് ഇന്ത്യാ ടുഡെയുടെ കോൺക്ലേവിനെത്തിയപ്പോഴായിരുന്നു റാം മാധവിനെ കണ്ടത്. തൃശൂരിൽ ഹൊസബളെയെ സുഹൃത്ത് ജയകുമാറിനൊപ്പമാണ് കണ്ടത്. മുൻ എസ്.പി ഉണ്ണിരാജനും അവിടെയുണ്ടായിരുന്നു. രാഹുൽഗാന്ധിയെയും ഇതുപോലെ വ്യക്തിപരമായി പരിചയപ്പെട്ടിരുന്നുവെന്ന് അജിത്ത് വിശദീകരിച്ചതെങ്കിലും ഡി.ജി.പി മുഖവിലയ്ക്കെടുത്തില്ല.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് വെളിപ്പെടുത്തിയത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങളൊരുക്കുന്ന യു.പി ആസ്ഥാനമായ ഏജൻസിക്ക് വിവരങ്ങൾ നൽകാനാണ് തൃശൂരിലെ കൂടിക്കാഴ്ചയെന്ന് ആരോപണം ഉയർന്നിരുന്നു. ആറുവട്ടം ശുപാർശയുണ്ടായിട്ടും കിട്ടിയിട്ടില്ലാത്ത രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, പൊലീസ് മേധാവിയാവാനുള്ള അവസരം എന്നിവയ്ക്കായി എ.ഡി.ജി.പി ശ്രമിച്ചെന്നും സൂചനയുണ്ട്.
റിപ്പോർട്ടിലെ
മറ്റു കണ്ടെത്തൽ
പി.വി.അൻവർ ഉന്നയിച്ച മാമി തിരോധന കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായി.
റിദാൻ കേസിൻെറ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതിലും പിഴവുണ്ടായി.
ത്രിതല അന്വേഷണം
ഉത്തരവായി
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ മന്ത്രിസഭ തീരുമാനിച്ച ത്രിതല അന്വേഷണങ്ങളുടെ ഉത്തരവും ഇന്നലെ പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |