കൊല്ലം: ബോണസ് ബാദ്ധ്യതയെന്ന പേരിൽ കശുഅണ്ടി തൊഴിലാളികൾക്ക് വല്ലപ്പോഴും കിട്ടുന്ന കൂലി കൂടി പിടിച്ചെടുക്കാൻ കശുഅണ്ടി വികസന കോർപ്പറേഷന്റെ നീക്കം. തൊഴിലാളികളെ കടുത്ത ദുരിതത്തിലാക്കുന്ന തരത്തിൽ 2013 മുതലുള്ള കുടിശ്ശിക ഈടാക്കാനുള്ള നിർദ്ദേശമാണ് ഫാക്ടറികൾക്ക് നൽകിയിരിക്കുന്നത്.
മറ്റ് ഫാക്ടറികളിലേത് പോലെ കാഷ്യു കോർപ്പറേഷനിലും ഓണക്കാലത്താണ് ബോണസ് നൽകുന്നത്. ഓണം സാമ്പത്തികവർഷത്തിന്റെ ആദ്യഘട്ടത്തിലായതിനാൽ നടപ്പുവർഷത്തെ ബോണസ് മുൻകൂട്ടിയാണ് നൽകുന്നത്. ഒരുവർഷത്തെ ആകെ വേതനത്തിന്റെ 20 ശതമാനമാണ് ബോണസ്. ഇത് മുൻകൂട്ടി കണക്കാക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരാശരി പതിനായിരം രൂപയാണ് ബോണസ് അഡ്വാൻസായി നൽകിയിരുന്നത്. എന്നാൽ ആണ്ടുകളായി വർഷാവസാനം ആകെ ഹാജർ പരിശോധിച്ച് കൈപ്പറ്റിയ ബോണസ് ക്രമീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ 11 വർഷത്തെ ബോണസ് ഒരുമിച്ച് ക്രമീകരിക്കാനുള്ള നീക്കമാണ് തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
ബോണസ് കുടിശ്ശിക തിരിച്ചുപിടിക്കാൻ കാഷ്യു കോർപ്പറേഷൻ
2013 മുതൽ 75 ശതമാനത്തിൽ കുറവുള്ള ഹാജരിന് ആനുപാതികമായി ബോണസ് അഡ്വാൻസ് കൂലിയിൽ നിന്ന് തിരിച്ചുപിടിക്കാനാണ് ഫാക്ടറി ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്
ഇത് നടപ്പായാൽ പല തൊഴിലാളികളും മാസങ്ങളോളം കൂലിയില്ലാതെ ജോലി ചെയ്യേണ്ടി വരും
പ്രായമുള്ള തൊഴിലാളികൾക്ക് പലവിധ രോഗങ്ങൾ കാരണം വല്ലപ്പോഴും കിട്ടുന്ന ജോലിക്കും കൃത്യമായി പോകാൻ കഴിഞ്ഞിട്ടില്ല
ഇവരെയാകും പുതിയ തീരുമാനം കൂടുതൽ ദോഷകരമായി ബാധിക്കുക
ബോണസ് കുടിശ്ശിക - 11 വർഷം
ചില തൊഴിലാളികൾ ബോണസ് വാങ്ങിയ ശേഷം ആ വർഷം ജോലിക്ക് വളരെക്കുറച്ചേ എത്താറുള്ളു. അത്തരം തൊഴിലാളികൾ അർഹതയേക്കാൾ ഉയർന്ന ബോണസാണ് മുൻകൂറായി കൈപ്പറ്റിയിട്ടുള്ളത്. അർഹതയുള്ള ബോൺസിൽ നിന്ന് അധികമായി കൈപ്പറ്റിയതാണ് തിരിച്ചുപിടിക്കുന്നത്. ഇപ്പോൾ ഈടാക്കിയില്ലെങ്കിൽ വിരമിക്കുമ്പോൾ വൻതുക അടയ്ക്കേണ്ടി വരും.
സുനിൽ ജോൺ, മാനേജിംഗ് ഡയറക്ടർ
കാഷ്യു കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |