ചണ്ഡിഗഢ് : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മൂന്നാംതവണയും സമ്പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിനെതിരെയും നയാബ്സിംഗ് സൈനി രൂക്ഷ വിമർശനമുയർത്തി. ഒക്ടോബർ എട്ടിന് ഞങ്ങൾ സർക്കാർ രൂപീകരിക്കും. തങ്ങളുടെ തോൽവിക്ക് കോൺഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തും. വിവേചനമില്ലാതെ എല്ലാ വിഭാഗത്തിനും വേണ്ടിയാണ് ബി.ജെ.പി സർക്കാർ പ്രവർത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾക്ക് അവരുടേതായ സംവിധാനമുണ്ട്. എന്നാൽ ഞങ്ങളുടെ നേതാക്കൾക്ക് ജനങ്ങളുമായി നേരിട്ടാണ് ബന്ധം. മൂന്നാംതവണയും ബി.ജെ.പി അധികാരത്തിൽ വരണമെന്നാണ് ഹരിയാനയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹരിയാനയിൽ ഭരണം പിടിക്കുമെന്നാണ് ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഹരിയാനയിൽ 90 അംഗ നിയമസഭയിൽ കോൺഗ്രസ് 50ൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് വേണ്ടത്. 90 സീറ്റുകളുള്ള ജമ്മു കാശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം കേവല ഭൂരിപക്ഷമായ 46 കടക്കാൻ ബുദ്ധിമുട്ടുമെന്ന സൂചനയാണുള്ളത്. ഇവിടെ തൂക്ക് മന്ത്രിസഭയ്ക്കാണ് സാദ്ധ്യത കൽപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |