ഉദിയൻകുളങ്ങര: തിരുവിതാംകൂർ ചരിത്രത്തിലെ പ്രധാന ചരിത്ര ശേഷിപ്പുകളായ മയ്യത്ത് കോട്ടയും മരുന്ന് കോട്ടയും സംരക്ഷിക്കപ്പെടാതെ നശിക്കുന്നു.
ചരിത്രത്തെക്കുറിച്ച് ലെവലേശം അറിയാത്തവരാണ് പുരാവസ്തു ഗവേഷക വകുപ്പിൽ രാഷ്ട്രീയ സ്വാധീനത്തിൽ കടന്നുകൂടിയതെന്നാണ് ചരിത്ര സ്നേഹികളുടെ ആക്ഷേപം.
സംരക്ഷണമില്ലാതെ ശോചനീയാവസ്ഥയിലായിരുന്ന മയ്യത്ത് കോട്ടയും മരുന്ന് കോട്ടയും മഴക്കാലമായതോടെ കൂടുതൽ തകർച്ചയിലായി. 1969ലെ കേരള വിഭജനത്തോടെ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ഈകോട്ടകൾ തമിഴ്‌നാടിന്റെ ഭാഗമായി. എന്നാൽ സംരക്ഷണ ചുമതല കേരള പുരാവസ്തുവകുപ്പിന് കീഴിലാണ്.
കോട്ടകൾ കാടുമുടി. പല ഭാഗങ്ങളും ഇടിഞ്ഞുവീണു. ഇതെല്ലാം അതികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ചരിത്ര സ്നേഹികൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനം ഉണ്ടാകുന്ന തരത്തിൽ പുനരുദ്ധാരണം നടത്തണമെന്ന ആവശ്യങ്ങൾ ശക്തമാവുകയാണ്.
179ഏക്കറിൽ സ്ഥിതിചെയ്യുന്ന മയ്യത്ത് കോട്ടയും ഏക്കറുകണക്കിന് ഭൂമിയുള്ള മരുന്നുകോട്ടയും സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളായി. കോട്ടകൾ നാശത്തിന്റെ വക്കിലായതോടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചരിത്രസ്നേഹികൾ ആക്ഷൻ കൗൺസിലും കൂട്ടായ്മയും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
തക്കല മയ്യത്ത് കോട്ട
ചാരോട്ടു കൊട്ടാരം രേഖകളിൽ
പത്മനാഭപുരം കൊട്ടാരത്തിന് സമീപം നിലനിന്നിരുന്ന ചാരോട്ടു കൊട്ടാരവും തിരുവിതാംകൂർ ചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഈ കൊട്ടാരത്തിൽ എത്തിച്ചേരുവാനുള്ള മണ്ണിനടിയിലൂടെയുള്ള തുരങ്കം ഇപ്പോഴും പത്മനാഭപുരം കൊട്ടാരത്തിനകത്തുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ചരിത്രത്തിലിടം നേടിയിരുന്ന ചാരോട്ടുകൊട്ടാരം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ രേഖകളിൽ മാത്രമാണുള്ളത്.
മയ്യത്ത് കോട്ട
മാർത്താണ്ഡവർമ്മ അനിഴം തിരുനാളിന്റെ കാലത്ത് എട്ടുവീട്ടിൽ പിള്ളമാരുമായുള്ള ഉൾപ്പോരിന്റെ ഭാഗമായി രാജ്യദ്രോഹികളായി മുദ്രകുത്തിയവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും മുന്നു കിലോമീറ്റർ മാറി കഴുകൻതിട്ട എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്ത് പണികഴിപ്പിച്ചതാണ് മയ്യത്ത് കോട്ട.
മരുന്ന് കോട്ട
1741ആഗസ്റ്റ് 10ന് നടന്ന ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ 24ഡച്ച് നാവികസേന ഓഫീസർമാരെ മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിലുള്ള സൈന്യം കീഴ്പ്പെടുത്തിയിരുന്നു. യുദ്ധ തടവുകാരനായി പിടിക്കപ്പെട്ട ഇവർ തിരുവിതാംകൂർ രാജ്യവുമായി സഹകരിച്ച് പ്രവർത്തിക്കാം എന്ന് സന്ധി ഉണ്ടാക്കി. തിരുവിതാംകൂർ സൈന്യത്തെ ആധുനിക യുദ്ധരീതികൾ പഠിപ്പിക്കാനും വെടിമരുന്നുകൾ സൂക്ഷിക്കാനുമായി നിർമ്മിച്ചതാണ് മരുന്ന് കോട്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |