കോട്ടയം : ശബരിമല സീസൺ അടുത്തിട്ടും കോട്ടയം സ്റ്റേഷന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താതെ റെയിൽവേ. ഇരട്ടപ്പാത വന്നിട്ടും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടില്ല. രണ്ടാം പ്രവേശന കവാട നിർമ്മാണവും വൈകുകയാണ്. ആദ്യ ഘട്ടം ഡിസംബറിൽ തുറക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും ഇനിയും വൈകുമെന്നാണ് പറയുന്നത്. ചുരുക്കത്തിൽ രണ്ടാം കവാടത്തിന്റെ പ്രയോജനം ഈ സീസണിൽ ലഭിക്കുകയില്ല.
ഇരട്ടപ്പാതയുടെ ഭാഗമായി രണ്ട് പ്ളാറ്റ് ഫോമുകൾ അധികമായി വന്നതിനാൽ കോട്ടയത്ത് നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തടസമില്ല. എന്നാൽ പിറ്റ്‌ലൈൻ ഇല്ലെന്നതാണ് റെയിൽവേ ഉയർത്തിക്കാട്ടുന്ന പ്രശ്നം. പിറ്റ്‌ലൈനുള്ള സ്‌റ്റേഷനിലേയ്ക്ക് അവസാനിക്കും വിധം സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല. നിലവിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ദീർഘദൂരസർവീസുകൾ ആരംഭിക്കാനുള്ള എല്ലാ സംവിധാനങ്ങളുണ്ടെങ്കിലും കോട്ടയത്തെ പരിഗണിക്കുന്നില്ല. ഒരേ സമയം 250 തീർത്ഥാടകർക്ക് വിശ്രമിക്കാവുന്ന പിൽഗ്രിം സെന്റർ മാത്രമാണ് തീർത്ഥാടകർക്ക് ഏകആശ്വാസം.
മനസുവച്ചാൽ വിശാല സാദ്ധ്യത
പുതിയ ട്രെയിനുകൾ ആരംഭിക്കാനുള്ള സാദ്ധ്യതകളുണ്ട് കോട്ടയത്തിന്. ബംഗളൂരു, ചെന്നൈ, മംഗലാപുരം സർവീസുകൾ ആരംഭിച്ചാൽ അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പടും. ശബരിമല സീസൺ സമയത്ത് ഭക്തർക്കും ഗുണകരമാണ്. ഉത്സവകാലങ്ങളിൽ കൊള്ള നിരക്ക് നൽകിയാണ് സ്വകാര്യബസുകളിൽ ബംഗളൂരുവിൽനിന്നും തിരിച്ചും യാത്ര ചെയ്യാറുള്ളത്. ശബരിമല സീസണിൽ മാത്രമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നത്.
തീർത്ഥാടകരെ അവഗണിക്കരുത്
കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം
ഇരുമുടി കെട്ടുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം
തീർത്ഥാടകർക്ക് വിശ്രമിക്കാൻ അധിക സൗകര്യം
ക്ളോക്ക് റൂം ഉൾപ്പടെ ആധുനികവത്കരിക്കണം
'' വന്ദേഭാരതിനായി പാലരുവി 20 മിനിറ്റാണ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. ഇത് തൃപ്പൂണിത്തുറയിൽ ആയാൽ നിരവധി യാത്രക്കാർക്ക് മെട്രോ വഴി പോകാനാവും. വന്ദേഭാരതിന്റെ സമയക്രമത്തെ ബാധിക്കുകയുമില്ല. യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്ന ചെറിയ കാര്യങ്ങളോടു പോലും റെയിൽവേ മുഖം തിരിക്കുകയാണ്''
ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് ജില്ലാ കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |