കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി അറിയിക്കാൻ ശുചിത്വമിഷൻ പൊതുജനങ്ങൾക്കായി ഒരുക്കിയ വാട്സാപ്പ് സംവിധാനത്തിലേക്ക് ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ എത്തിയത് 62 ഫോട്ടോസ്. ഉടൻ നടപടിയുമായി അധികൃതരെത്തി.
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാനുള്ള സംസ്ഥാനവ്യാപകമായ സംവിധാനമാണിത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചിത്രമെടുത്ത് 9446700800 എന്ന വാട്സ് ആപ്പിലേക്ക് അയയ്ക്കാം. പരിഹാരം മാത്രമല്ല, പരാതിപ്പെടുന്നവർക്ക് പാരിതോഷികവും ലഭിക്കും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവുസഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 ശതമാനം തുക (പരമാവധി 2,500 രൂപ) പാരിതോഷികമായി നൽകും.
മാലിന്യം നിക്ഷേപിക്കുന്ന ഫോട്ടോകൾ മാത്രമല്ല, മാലിന്യക്കൂമ്പാരത്തിന്റെ ചിത്രങ്ങളും ഇതുവഴി പങ്കുവയ്ക്കാം. ജില്ലകളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തിയാണ് വൃത്തിയാക്കുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാനാണ് സംവിധാനം ഒരുക്കിയത്.
പരാതി അറിയിക്കേണ്ടത് ഇങ്ങനെ
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും.
നടപടികൾ
1.റിജക്റ്റ്- അയച്ച ചിത്രം ശരിയാണോ എന്ന് പരിശോധിക്കും. സ്ഥലത്തെത്തി പരിശോധിച്ച ശേഷം മാലിന്യമില്ലെങ്കിൽ പ്രവർത്തകർ റിജക്റ്റ് ചെയ്യും. പരാതി ഒഴിവാകും.
2. അക്സപ്റ്റ്- സ്ഥലത്തെത്തി പരിശോധിച്ച ശേഷം മാലിന്യമുണ്ടെങ്കിൽ പരാതി അക്സപ്റ്റ് ചെയ്യും.
3. ആഫ്റ്റർ ക്ലിയർ- പരാതിയിൽ പറയുന്ന മാലിന്യം നീക്കി, വൃത്തിയാക്കിയ സ്ഥലത്തിന്റെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യും. (ഈ ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല)
62 പരാതികൾ ലഭിച്ചതിൽ പകുതിയോളം സ്ഥലങ്ങളിൽ മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചു. ബാക്കിയുള്ളത് ഉടൻ നീക്കും. മാലിന്യം നിക്ഷേപിക്കുന്ന ചിത്രങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല.
-പൂജാലാൽ,
ജില്ലാ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |